പകർച്ചപ്പനിയ്ക്ക് സമാനം, കൊവിഡ് പോലെയല്ല, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ഗുരുതരം ; എച്ച്എംപിവി വൈറസിനെ അറിയാം

By: 600007 On: Jan 9, 2025, 5:46 PM

 

ലോകത്താകമാനം എച്ച്എംപിവി വ്യാപനം നടക്കുന്ന സാഹചര്യത്തിൽ പരിഭ്രാന്തിയിലാണ് രാജ്യം. എന്നാൽ അഞ്ച് വർഷം മുമ്പത്തെ കോവിഡ് -19ന് സമാനമായ സഹചര്യമല്ല ഇത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയമുൾപ്പെടെ വിവരം നൽകുന്നുണ്ട്.  


ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന പകർച്ചവ്യാധിയായ ഇൻഫ്ലുവൻസയ്ക്ക് (ഫ്ലു) സമാനമാണ് എച്ച്എംപിവി. ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (human metapneumovirus) എന്ന രോ​ഗകാരി സാധാരണയായി അപ്പർ റെസ്പിരേറ്ററി ട്രാക്ടിലെ നേരിയ അണുബാധയ്ക്ക് കാരണമാകുന്നു. അണുബാധയുള്ള വ്യക്തിയുമായുള്ള സമ്പർക്കം വഴിയോ അല്ലെങ്കിൽ ഇത്തരം പ്രതലത്തിൽ സ്പർശിക്കുന്നതിലൂടെയോ രോ​ഗം പടരുന്നു. ജലദോഷത്തിനും പനിക്കും സമാനമായ ചുമ, പനി, മൂക്കടപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ചെറിയ കുട്ടികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായേക്കാം.

എച്ച്എംപിവിയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ ഇൻഫ്ലുവൻസയ്ക്ക് സമാനമാണെന്ന്  ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വാക്സിൻ ഇമ്മ്യൂണോളജി പ്രൊഫസർ ജോൺ ട്രെഗോണിംഗ് പറയുന്നു. ചുമയ്‌ക്കുമ്പോളും തമ്മുമ്പോളും മൂക്കും വായയും മറയ്ക്കുക, കൈകൾ കഴുകുക എന്നിവയൊക്കെ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗബാധിതരായ ആളുകൾ നന്നായി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. ഇത് കൂടാതെ രോ​ഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ശ്രദ്ധിക്കണം.