കാനഡയിൽ ലിബറൽ പാർട്ടിയുടെ നേതൃത്വ തെരഞ്ഞെടുപ്പ് രീതി ചർച്ചയാകുന്നു, വോട്ടിംഗ് നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് ആവശ്യം

By: 600110 On: Jan 9, 2025, 12:23 PM

 

ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് പിന്നാലെ പുതിയ പ്രധാനമന്ത്രിയും ലിബറൽ പാർട്ടി നേതാവും ആരായിരിക്കുമെന്ന ചർച്ചകളാണ് എങ്ങും. എന്നാൽ ലിബറൽ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ചിലരിലെങ്കിലും ആശങ്കയും ഉയർത്തുന്നുണ്ട്. 

ലിബറൽ പാർട്ടിയുടെ നിയമങ്ങളനുസരിച്ച് കനേഡിയൻ പൌരന്മാർ അല്ലാത്തവർക്കും വെറും 14 വയസ്സ് പ്രായമുള്ളവർക്കും അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാം. ഇത് കാനഡയുടെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ വിദേശ ഇടപെടലിന് പോലും വഴി വച്ചേക്കാം എന്നാണ് ചിലർ  ആശങ്ക പ്രകടിപ്പിക്കുന്നത്. കാനഡയിൽ ഗണ്യമായ താൽക്കാലിക ജനസംഖ്യയുള്ളതിനാൽ, പൗരന്മാരല്ലാത്ത ഒരു ചെറിയ ശതമാനം വോട്ടർമാർക്ക് പോലും നേതൃത്വ മത്സരത്തിൻ്റെ ഫലത്തെ സ്വാധീനിക്കാൻ കഴിയും. 2013 ലെ ലിബറൽ നേതൃത്വ മത്സരത്തിൽ 104,552 കനേഡിയൻ വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. കനേഡിയൻ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറിയൊരു ശതമാനം മാത്രമാണ്. ഇത് വിലയിരുത്തി കാനഡയിലെ ജനാധിപത്യം ശക്തിപ്പെടുത്താൻ കർശനമായ വോട്ടിംഗ് നിയമങ്ങൾ വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.