ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമെന്ന പദവി സിംഗപ്പൂർ നിലനിർത്തിയപ്പോൾ ആഗോള റാങ്കിംഗിൽ കാനഡ പിന്തള്ളപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ ആഗോള റാങ്കിംഗിൽ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ട അഞ്ച് പാസ്‌പോർട്ടുകളുടെ കൂട്ടത്തിലാണ് കാനഡയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
2025ലെ പാസ്‌പോർട്ട് സൂചിക പ്രകാരം കഴിഞ്ഞ ദശകത്തിൽ മൂന്ന് സ്ഥാനങ്ങൾ ഇടിഞ്ഞ് ഏഴാം സ്ഥാനത്താണ് കാനഡ. മാർട്ട, പോളണ്ട് എന്നീ രാജ്യങ്ങളും കാനഡയ്ക്ക് ഒപ്പമുണ്ട്. വിസ ആവശ്യമില്ലാതെ പ്രവേശിക്കാവുന്ന ഡെസ്റ്റിനേഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് ലഭിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ഈ മൂന്ന് രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമൾക്കും ലോകമെമ്പാടുമുള്ള 227 ഡെസ്റ്റിനേഷനുകളിൽ 188ലും വിസരഹിത പ്രവേശനം ലഭിക്കുന്നതാണ്.
227 ഡെസ്റ്റിനേഷനുകളിൽ 195ലും വിസ രഹിത പ്രവേശനമുള്ള ഏക രാജ്യം സിംഗപ്പൂർ ആണ്. 193 ഡെസ്റ്റിനേഷനുകളിൽ വിസരഹിത പ്രവേശനമുള്ള ജപ്പാനാണ് രണ്ടാമത്. ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവ മൂന്നാം സ്ഥാനത്താണ്. ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയത് ചൈനയാണ്. 2015-ൽ 94ആം സ്ഥാനത്ത് ഉണ്ടായിരുന്ന ചൈന 2025-ൽ 60ആം സ്ഥാനത്തേക്ക് ഉയർന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സും കഴിഞ്ഞ ദശകത്തിൽ സ്ഥാനം മെച്ചപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. 185 ഡെസ്റ്റിനേഷനുകളിലേക്ക് വിസ രഹിത പ്രവേശനത്തോടെ പത്താം സ്ഥാനത്തെത്തി.
അതേസമയം, വെനസ്വേല 30-ൽ നിന്ന് 45ആം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ട മറ്റൊരു രാജ്യം അമേരിക്കയാണ്. രണ്ടാം സ്ഥാനത്തു നിന്ന് ഒമ്പതാം സ്ഥാനത്തേക്കാണ് അമേരിക്ക പിന്തള്ളപ്പെട്ടത്.