കാനഡയിൽ തീവ്രവാദ ഭീഷണി വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. 2007 നും 2024 നും ഇടയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ അഭൂതപൂർവ്വമായ വർധന രേഖപ്പെടുത്തിയതായാണ് പഠനം. തീവ്രവാദ കുറ്റങ്ങളുടെ എണ്ണം കൂടുന്നത്, തീവ്രവാദ ഭീഷണി ഉയരുന്നതിൻ്റെ തെളിവായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
പരാജയപ്പെട്ട ആക്രമണ പദ്ധതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ തുടർന്നാണ് തീവ്രവാദ അറസ്റ്റുകൾ പലപ്പോഴും ഉണ്ടാകുന്നതെന്ന് ഓട്ടവയിലെ ഇൻസൈറ്റ് ത്രെട് ഇൻ്റലിജൻസ് പറയുന്നു. കഴിഞ്ഞ 18 വർഷമായി രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർദ്ധിച്ചുവെന്നും ഇവർ പറയുന്നു. ഇത്തരം കേസുകളിൽ കുറ്റാരോപിതരായവരിൽ ഭൂരിഭാഗവും "മതപ്രചോദിത" തീവ്രവാദികളാണ്. പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ് , അൽ-ഖ്വയ്ദ തുടങ്ങിയ "ജിഹാദി ഗ്രൂപ്പുകളുടെ" അനുയായികളാണ് എന്നും റിപ്പോർട്ട് പറയുന്നു.
2019 വരെ ഇറാഖിൻ്റെയും സിറിയയുടെയും ചില ഭാഗങ്ങൾ നിയന്ത്രിച്ചിരുന്ന ഭീകര സംഘടനയായ ISIS നെ പിന്തുണയ്ക്കുന്നവരുടെ നിരവധി ആക്രമണ പദ്ധതികളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ RCMP തകർത്തത്.