കാനഡയില്‍ തൊഴില്‍ അന്വേഷിക്കുന്നവരില്‍ 46 ശതമാനം പേരും ഈ വര്‍ഷം തങ്ങളുടെ മേഖലകളില്‍ തൊഴിലവസരങ്ങള്‍ കുറവായിരിക്കുമെന്ന് കരുതുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. എക്‌സ്പ്രസ് എംപ്ലോയ്‌മെന്റ് പ്രൊഫഷണല്‍സ്-ഹാരിസ് പോള്‍ 2024 ല്‍ നടത്തിയ സര്‍വേയില്‍ നിന്നും തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് കരുതുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായി കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 31 ശതമാനം പേരാണ് തൊഴിലവസരങ്ങള്‍ കുറയുന്നതായി കരുതിയത്. ഈ വര്‍ഷം തെരഞ്ഞെടുത്ത തൊഴിലിലെ അവസരങ്ങള്‍ സ്ഥിരതയുള്ളതായി തുടരുമെന്ന് 36 ശതമാനം പേര്‍ വിശ്വസിക്കുന്നു. അഞ്ചില്‍ ഒരാള്‍ അല്ലെങ്കില്‍ 18 ശതമാനം പേര്‍ തങ്ങളുടെ മേഖലയില്‍ ഈ വര്‍ഷം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ ആറ് മാസത്തിനുള്ളില്‍ തൊഴില്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അഭിപ്രായപ്പെടുമ്പോള്‍ 38 ശതമാനം പേര്‍ തൊഴില്‍ നേടുന്നത് എളുപ്പമാകുമെന്ന് വിശ്വസിക്കുന്നവരാണ്. ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്താന്‍ കഴിയുമെന്ന് 56 ശതമാനം പേര്‍ പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 63 ശതമാനമായിരുന്നു. 44 ശതമാനം പേര്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആറ് മാസത്തിലധികം സമയമെടുക്കുമെന്ന് വിശ്വസിക്കുന്നു. മുന്‍ വര്‍ഷമിത് 37 ശതമാനമായിരുന്നു. തൊഴിലന്വേഷകരില്‍ 43 ശതമാനം പേര്‍ മെച്ചപ്പെട്ട ശമ്പളം, 41 ശതമാനം പേര്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ്, 36 ശതമാനം പേര്‍ കരിയറില്‍ വളര്‍ച്ചയുണ്ടാകാനുള്ള അവസരങ്ങള്‍ എന്നിവ പരിഗണിക്കുന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.