ജസ്റ്റിൻ ട്രൂഡോയുടെ രാജിയോടെ കാനഡയിൽ രാഷ്ട്രീയ ചർച്ചകൾ സജീവം

By: 600110 On: Jan 7, 2025, 3:45 PM

 

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയെ തുടർന്ന് കാനഡയിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങൾ.പ്രധാനമന്ത്രി സ്ഥാനത്തേക്കും ഒപ്പം ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും പുതിയൊരാൾ എത്തിയാൽ താൻ  ഒഴിയുമെന്നാണ് ജസ്റ്റിൽ  ട്രൂഡോയുടെ പ്രഖ്യാപനം. മാർച്ച് 24 വരെ പാർലമെൻ്റ് സസ്പെൻ്റ് ചെയ്യുന്നതായും പ്രഖ്യാപിച്ചതോടെ കനേഡിയൻ ജനതയും ആശങ്കയിലാണ്.  പദവികൾ ഒഴിഞ്ഞാലും താൽക്കാലികമായി  ട്രൂഡോ തന്നെ പ്രധാനമന്ത്രി കസേരയിൽ തുടരും.  പാർലമെൻ്റ് മരവിപ്പിച്ചത് കൊണ്ട് തന്നെ ഏതെങ്കിലും അടിയന്തര രാഷ്ട്രീയ നടപടികളോ പ്രമേയങ്ങളോ ബില്ലുകളോ വൈകിപ്പിക്കാൻ ആകും. മാർച്ചിൽ ഹൗസ് ഓഫ് കോമൺസ് വീണ്ടും ചേരുമ്പോൾ നിയമനിർമ്മാണ നടപടികൾ വീണ്ടും തുടരും. 

പാർലമെൻ്റ് പിരിച്ചുവിടുന്നതിൽ നിന്ന് വ്യത്യസ്തമാണ് പാർലമെൻ്റ് മരവിപ്പിക്കൽ. സർക്കാർ അധികാരത്തിൽ തുടരുമെങ്കിലും പാർലമെൻ്ററി നടപടികൾ താല്കാലികമായി നിലച്ചിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ, ലിബറലുകൾക്ക് വിശ്വാസവോട്ടെടുപ്പ് ഒഴിവാക്കാനും നേതൃസ്ഥാനത്തേക്ക് ആളെ കണ്ടെത്താനും കൂടുതൽ സമയം ലഭിക്കുകയും ചെയ്യും .  ഒക്‌ടോബർ അവസാനത്തോടെ അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പിയറി പൊയ്‌ലിവ്രെ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയോട് ലിബറലുകൾ ദയനീയ പരാജയം ഏറ്റുവാങ്ങാനുള്ള സാധ്യത കൂടുതലാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ രാജി ഉൾപ്പെടെയുള്ള ലിബറൽ പാർട്ടിയിലെ ആഭ്യന്തര കലഹം ജനങ്ങളുടെ അതൃപ്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരി 20 നാണ് അധികാരമേൽക്കുന്നത്. കാനഡയിൽ താരിഫ് ചുമത്തുമെന്ന ട്രംപിൻ്റെ ഭീഷണികൾ നിലനിൽക്കുമ്പോഴുള്ള , ട്രൂഡോയുടെ  ഈ രാജി  രാജ്യത്തെ തന്നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്