ആല്‍ബെര്‍ട്ടയില്‍ പ്രൊവിന്‍ഷ്യല്‍ ഇന്‍കം സപ്പോര്‍ട്ട് സ്വീകരിക്കുന്ന ആളുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തുവിട്ട, ഒക്ടോബറിലെ കണക്കനുസരിച്ച് ഏകദേശം 57,500 താമസക്കാര്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ഇതേ മാസത്തെ താരതമ്യം ചെയ്യുമ്പോള്‍ 61,000 പേര്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് ലഭിച്ച 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2019 ന് ശേഷം, ഇന്‍കം സപ്പോര്‍ട്ട് ലഭിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2020 ല്‍ 45,000 ത്തിനും 2021 ല്‍ 41,400 നും അടുത്തായിരുന്നു സംഖ്യ. കോവിഡ് പാന്‍ഡെമിക്കില്‍ വലഞ്ഞ ജനങ്ങളെ സഹായിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റ്(CERB) ആണ് ഈ ഇടിവിന് കാരണമായതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. CERB കാലാവധി കഴിഞ്ഞതിന് ശേഷം പ്രൊവിന്‍ഷ്യല്‍ ഇന്‍കം സപ്പോര്‍ട്ട് സ്വീകരിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങി. 2023 ഒക്ടോബറില്‍ ഏകദേശം 48,000 എത്തിയപ്പോള്‍ 2024 ല്‍ 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും തൊഴിലില്ലാത്തവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകള്‍ വഹിക്കാന്‍ സഹായിക്കുന്നതാണ് ഈ പ്രവിശ്യാ ഫണ്ടിംഗ്. അര്‍ഹതയുള്ളവര്‍ക്ക് ചൈല്‍ഡ് കെയര്‍, സ്‌കൂള്‍ ചെലവുകള്‍ തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായവും ലഭിക്കും.