ന്യൂയോര്‍ക്ക്: യുഎസിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെ ലക്ഷ്യമിട്ടുള്ള ചൈനീസ് ഹാക്കർമാരുടെ ആക്രമണം കരുതിയതിലും വലുത്. പുതിയ റിപ്പോർട്ടുകള്‍ അനുസരിച്ച് അപകടകരമായ സാഹചര്യത്തിലേക്കാണ് അമേരിക്കന്‍ കമ്പനികള്‍ക്കെതിരായ ഹാക്കിംഗ് നീക്കങ്ങളുടെ പോക്ക്. ‘സാൾട്ട് ടൈഫൂൺ’ എന്നറിയപ്പെടുന്ന ചൈനീസ്-ലിങ്ക്ഡ് ഗ്രൂപ്പ് വ്യവസായ ഭീമൻമാരായ എ.ടി. ആന്‍ഡ് ടി, വെരിസോണ്‍ എന്നിവയുൾപ്പെടെ കുറഞ്ഞത് ഒമ്പത് യുഎസ് ടെലികോം കമ്പനികളുടെ നെറ്റ്‌വർക്കുകളാണ് നിലവിൽ ഹാക്കിംഗിന് ഇരയാക്കിയത്.
ടെലികോം കമ്പനികൾ അവരുടെ നെറ്റ്‌വർക്കുകൾ സുരക്ഷിതമാക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല. കൂടാതെ നിലവിലെ സൈബർ സുരക്ഷാ നടപടികൾ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിന് ജാഗ്രത പാലിക്കാനും ശക്തമായ സൈബര്‍ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാനും ഭരണകൂടം കമ്പനികളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഇപ്പോൾ. മുമ്പ് കരുതിയിരുന്നതിലും വലിയ സൈബര്‍ ആക്രമണമാണ് യുഎസ് ടെലികോം കമ്പനികള്‍ക്കെതിരെ നടന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.