എച്ച്എംപി വൈറസ് വ്യാപനം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി നദ്ദ

By: 600007 On: Jan 6, 2025, 5:37 PM

 

ദില്ലി: ഇന്ത്യയിൽ എച്ച്എംപി വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ പറഞ്ഞു. ഇപ്പോള്‍ ഒരു തരത്തിലും ഭയപ്പെടേണ്ട കാര്യമില്ല. നിലവിലെസാഹചര്യം നിരീക്ഷിച്ചുവരുകയാണ്. എച്ച്എംപിവി പുതിയ വൈറസ് അല്ല അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജെപി നദ്ദ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ കേന്ദ്രം സ്വീകരിക്കുന്നുണ്ട്.

ആരോഗ്യവിദഗ്ധര്‍ ഇതിനോടകം എച്ച്എംപിവി വൈറസിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 2001ൽ കണ്ടെത്തിയ ഈ വൈറസ് വര്‍ഷങ്ങളായി ലോകത്താകെയുണ്ട്. എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും ഈ രോഗം വരാം. ശൈത്യകാലത്താണ് ഇതിന്‍റെ വ്യാപനം കൂടുതൽ. ചൈനയിലെ എച്ച്എംപിവി വ്യാപനത്തെ ആരോഗ്യമന്ത്രാലയവും ഐസിഎംആറും നാഷണൽ സെന്‍റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. അയൽ രാജ്യങ്ങളിലെ സ്ഥിതിയും നിരീക്ഷിക്കുന്നുണ്ടെന്നും ജെപി നദ്ദ പറഞ്ഞു. കര്‍ണാടകയിൽ രണ്ടു കേസുകളും ഗുജറാത്തിൽ ഒരു കേസും ചെന്നൈയിൽ രണ്ടു കേസുകളുമാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത എച്ച്എംപിവി കേസുകള്‍.


ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്.എം.പി.വി വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.