അമേരിക്കയുടെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച

By: 600110 On: Jan 6, 2025, 12:27 PM

 

കൊടും ശൈത്യത്തിൽ വലഞ്ഞ് അമേരിക്ക. കനത്ത മഞ്ഞു വീഴ്ചയും ശീതക്കാറ്റും തുടരുന്നതിനാൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയിലേക്കാണ്  അമേരിക്ക നീങ്ങുന്നത്.  

ഐസ് വീഴുന്നതും കൊടും തണുപ്പും മൂലം അമേരിക്കയുടെ കിഴക്കൻ മേഖലയിൽ 40 ദശലക്ഷത്തോളം ആളുകളാണ് ബുദ്ധിമുട്ടുന്നത്. . പലയിടത്തും റോഡ്  മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ ഇവരെ മറ്റിടങ്ങളിലേക്ക് മാറുന്നതിനും തടസ്സം നേരിടുകയാണ്. കൻസാസ്, വെസ്റ്റേൺ നെബ്രാസ്ക, ഇൻഡ്യാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം  മഞ്ഞിൽ മൂടിയ നിലയിലാണ്. 15 ഇഞ്ചോളം ഘനത്തിലാണ് മഞ്ഞ് വീഴുന്നത്. മഞ്ഞുവീഴ്ച രൂക്ഷമായ  കൻസസിലും മിസോറിയിലും ദേശീയ കാലാവസ്ഥാ വകുപ്പ് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂജേഴ്‌സിയിൽ നൽകിയ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി. ഒഹായോ താഴ്‌വരയിലേക്കാണ് ശൈത്യ കൊടുങ്കാറ്റ് നീങ്ങുന്നതെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഫ്ളോറിഡയിലെ തെക്കൻ മേഖല അടക്കം തിങ്കളാഴ്ചയോടെ കനത്ത ശൈത്യത്തിൻ്റെ പിടിയിലാവുമെന്നും  അറിയിപ്പുണ്ട്. ആർട്ടിക് മേഖല പെട്ടന്ന് ചൂട് പിടിക്കുന്നതാണ് നിലവിലെ കാലാവസ്ഥ രൂക്ഷമാകുന്നതിന് പിന്നിലെന്നാണ് ചില പഠനങ്ങൾ പറയുന്നത്.