പേരൻ്റ് ഗ്രാൻ്റ് പേരൻ്റ് സ്ഥിര താമസ സ്‌പോൺസർഷിപ്പ് അപേക്ഷകൾ കാനഡ താൽക്കാലികമായി നിർത്തുന്നു

By: 600110 On: Jan 4, 2025, 11:58 AM

 

പേരൻ്റ് ഗ്രാൻ്റ് പേരൻ്റ് പെർമനൻ്റ് റെസിഡൻസി സ്പോൺസർഷിപ്പ് അപേക്ഷകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വീകരിക്കില്ലെന്ന് കനേഡിയൻ സർക്കാർ.  കഴിഞ്ഞ വർഷം ലഭിച്ച അപേക്ഷകൾ പരിഗണിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ പേരന്‍റസിനെയോ ഗ്രാൻഡ് പേരന്‍റസിനെയോ കാനഡയിൽ സ്ഥിര താമസത്തിനായി കൊണ്ടു വരാൻ അനുവദിക്കുന്നതാണ് പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം .

ഇമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളിലും നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതിനായി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് പേരൻ്റ് ഗ്രാൻ്റ് പേരൻ്റ് പെർമനൻ്റ് റെസിഡൻസി സ്പോൺസർഷിപ്പ് വിഭാഗത്തിലും പുതിയ അപേക്ഷകൾ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്.  അടുത്ത മൂന്ന് വർഷത്തേക്ക് ഇമിഗ്രേഷൻ വലിയ തോതിൽ കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി പേരൻ്റ് ഗ്രാൻ്റ് പേരൻ്റ് വിഭാഗത്തിൽ 24000ലധികം പേർക്കാണ് അനുമതി നല്കാൻ സാധ്യത. 2024ൽ ഈ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ പരമാവധി 15000 പേർക്കാകും അനുമതി നല്കുക. 2023 അവസാനം നാല്പതിനായിരത്തോളം അപേക്ഷകളാണ് ഈ വിഭാഗത്തിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നതെന്ന് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് പാർലമെൻ്റിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഒരു സ്പോൺസർഷിപ്പ് അപേക്ഷയിൽ തീരുമാനം എടുക്കുന്നതിനുള്ള ശരാശരി സമയം 24 മാസമാണെന്നും  റിപ്പോർട്ട് പറയുന്നു.