കാനഡയില്‍ നിന്നും നാടുകടത്തപ്പെട്ടവരുടെ ചെലവ് സിബിഎസ്എ വര്‍ധിപ്പിക്കുന്നു 

By: 600002 On: Jan 4, 2025, 11:43 AM

 

 

കാനഡയിലെ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ പ്രക്രിയകള്‍ക്കുള്ള ചെലവ് നികത്തുന്നതിന്റെ ഭാഗമായി ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (സിബിഎസ്എ). നാടുകടത്തപ്പെട്ടവരെ കാനഡയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ഗതാഗത ചെലവ് നല്‍കേണ്ടതുണ്ട്. കൂടാതെ മറ്റ് ചെലവുകള്‍ നാടുകടത്തല്‍ പ്രക്രിയയില്‍ ഉണ്ട്. ഇതെല്ലാം നികത്താനാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ കോസ്റ്റ് റിക്കവറി ഫ്രെയിംവര്‍ക്ക് വര്‍ധിപ്പിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ സിബിഎസ്എ അറിയിച്ചു. 

രാജ്യത്ത് താമസിക്കാന്‍ അനുമതി ഇല്ലാത്ത വ്യക്തിക്ക് പണമടയ്ക്കാന്‍ കഴിയാത്തതോ അല്ലെങ്കില്‍ തയ്യാറാല്ലാത്തതോ ആയ സാഹചര്യങ്ങളില്‍ അവരെ സമയബന്ധിതമായി നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ചെലവ് സിബിഎസ്എയാണ് വഹിക്കുന്നത്. ഗവണ്‍മെന്റിന്റെ ചെലവില്‍ നീക്കം ചെയ്യപ്പെട്ട ഒരു വ്യക്തി കാനഡയിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ ചെലവുകള്‍ കനേഡിയന്‍ സര്‍ക്കാര്‍ വീണ്ടെടുക്കുന്നു. നാടുകടത്തപ്പെട്ടവരില്‍ നിന്ന് നീക്കം ചെയ്യലിന് നിലവിലെ സംവിധാനം 1,500 ഡോളര്‍ ഈടാക്കുമ്പോള്‍, പുതിയ ഫ്രെയിംവര്‍ക്കില്‍ വിദേശപൗരന്മാരില്‍ നിന്ന് എസ്‌കോര്‍ട്ടഡ് റിമൂവലിന് ഏകദേശം 12,800 ഡോളര്‍ ഈടാക്കും. അണ്‍എസ്‌കോര്‍ട്ടഡ് റിമൂവലിന് ലക്ഷ്യസ്ഥാനം പരിഗണിക്കാതെ തന്നെ 3,800 ഡോളറില്‍ കൂടുതലാണ് ഈടാക്കുക. 

കാനഡയുടെ അതിര്‍ത്തികളും ഇമിഗ്രേഷന്‍ സംവിധാനവും ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ ഫീസ് വര്‍ധനയെന്ന് പുതിയ പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ ഡേവിഡ് മക്ഗിന്റി പറഞ്ഞു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നുള്ള താരിഫ് ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തിലുമാണ് കാനഡ ഈ നീക്കം നടത്തുന്നത്.