നാലംഗ കനേഡിയന്‍ കുടുംബത്തിന് 2025 ല്‍ ഗ്രോസറിക്കായി 800 ഡോളറിലധികം ചെലവാകും: റിപ്പോര്‍ട്ട് 

By: 600002 On: Jan 4, 2025, 8:39 AM

 

 

കാനഡയില്‍ ശരാശരി നാലംഗ കുടുംബം ഈ വര്‍ഷം ഗ്രോസറികള്‍ക്കായി 800 ഡോളറിലധികം ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാനഡ ഫുഡ് പ്രൈസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഭക്ഷ്യവില മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാംസ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധന പ്രതീക്ഷിക്കുന്നത്. നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. 

രാജ്യത്ത് നാല് പേരടങ്ങുന്ന സാധാരണ കുടുംബത്തിന് 2025 ലെ ഭക്ഷണച്ചെലവ് 16,833.67 ഡോളറാകുമെന്നാണ് കണക്ക്. 2024 നെ അപേക്ഷിച്ച് 801.56 ഡോളര്‍ വര്‍ധനയാണ് ഉണ്ടാവുക. വര്‍ധിച്ചുവരുന്ന ചെലവുകള്‍ മൂലം ഉപഭോക്തൃ സ്വഭാവം മാറുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പലരും ഡിസ്‌കൗണ്ട്, വില കുറഞ്ഞ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കല്‍, ആവശ്യമില്ലാത്ത പര്‍ച്ചേസുകള്‍ ഒഴിവാക്കല്‍ തുടങ്ങിയ തന്ത്രങ്ങളും സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ക്യുബെക്ക്, നോവസ്‌കോഷ്യ, ന്യൂബ്രണ്‍സ്‌വിക്ക്, ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍ തുടങ്ങിയ പ്രവിശ്യകളിലുടനീളം ഭക്ഷ്യവിലയിലെ വര്‍ധന വ്യത്യസ്തമാകാനാണ് സാധ്യത. അതേസമയം, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ എന്നിവടങ്ങളില്‍ ശരാശരിയിലും താഴെയുള്ള വിലമാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ടില്‍ കാനഡയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ റെക്കോര്‍ഡിലെത്തിയതായും ഇത് 22.9 ശതമാനത്തിലധികം കുടുംബങ്ങളെ ബാധിക്കുന്നതായും ആശങ്ക പ്രകടിപ്പിച്ചു. 

ഗ്രോസറി വില വര്‍ധനയില്‍ നട്ടംതിരിയുന്ന കുടുംബങ്ങള്‍ക്കായി ചില ടിപ്‌സുകള്‍ റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. ഫ്രഷായിട്ടുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ശീതീകരിച്ച ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്നത് പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റി ലാന്‍ഡ് ആന്‍ഡ് ഫുഡ് സിസ്റ്റംസ് ഫാക്കല്‍റ്റി കെല്ലീന്‍ വൈസ്മാന്‍ നിര്‍ദ്ദേശിക്കുന്നു.