സിംഹവും കാട്ടാനയും വിലസുന്ന കാട്ടിൽ ഏഴ് വയസുകാരൻ തനിച്ച് കുടുങ്ങിയത് 5 ദിവസം, അത്ഭുത രക്ഷ

By: 600007 On: Jan 4, 2025, 5:54 AM

 

ഹരാരേ: സിംഹവും കാട്ടാനയും അടക്കമുള്ള വന്യജീവികളേറെയുള്ള കാട്ടിൽ കാണാതായ ഏഴ് വയസുകാരനെ അഞ്ച് ദിവസങ്ങൾ നീണ്ട തെരച്ചിലിന് ശേഷം കണ്ടെത്തി. സിംബാബ്‌വെയിലെ വന്യജീവി സങ്കേതത്തിലാണ് സംഭവം. ഡിസംബർ 27നാണ് ഏഴ് വയസുകാരനെ വന്യജീവി സങ്കേതത്തിൽ കാണാതായത്. പൊലീസും വനംവകുപ്പ് അധികൃതരും പ്രാദേശികരും അടക്കമുള്ള സംയുക്ത സംഘത്തിന്റെ തെരച്ചിൽ 5 ദിവസം കഴിയുമ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിന് പിന്നാലെ മേഖലയിൽ കനത്ത മഴ പെയ്തതും തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. മാട്ടുസാഡോണ ദേശീയ പാർക്കിൽ ഡിസംബർ 30 നാണ് കുട്ടിയുടെ കാൽപ്പാടുകൾ കണ്ടെത്താനായത്. വന്യജീവികളുടെ വിഹാര കേന്ദ്രത്തിലൂടെ തന്റെ ഗ്രാമത്തിൽ നിന്ന് 50 കിലോമീറ്ററോളം ദൂരമാണ് ഏഴ് വയസുകാരൻ സഞ്ചരിച്ചത്. വനമേഖലയിൽ നിന്ന് ലഭിച്ച പഴങ്ങളും നദിയിൽ നിന്നുള്ള വെള്ളവുമാണ് ഏഴുവയസുകാരന്റെ ജീവൻ പിടിച്ച് നിർത്തിയതെന്നാണ് സിംബാബ്‌വെയിലെ ദേശീയ പാർക്ക് അധികൃതർ വിശദമാക്കുന്നത്.

പ്രാഥമിക വൈദ്യ പരിശോധനകൾക്ക് ശേഷം ഏഴ് വയസുകാരനെ വീട്ടുകാർക്ക് വിട്ടു നൽകിയതായാണ് അധികൃതർ വിശദമാക്കുന്നത്. വരണ്ട മേഖലയിൽ ജീവിക്കുന്നതിനുള്ള വിദ്യകൾ ചെറുപ്രായത്തിലേ സ്വായത്തമാക്കിയതാണ് കുട്ടിയെ രക്ഷിച്ചതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 1470 സ്ക്വയർ കിലോമീറ്റർ വിസ്തൃതമായ വന്യജീവി സങ്കേതത്തിലെ തെരച്ചിൽ ദുഷ്കരമായിരുന്നുവെന്നാണ് അധികൃതർ വിശദമാക്കുന്നത്. ആഫ്രിക്കയിൽ ഏറ്റവും അധികം സിംഹങ്ങൾ കാണുന്ന മേഖലയിലൊന്നാണ് ഇവിടം. കാണ്ടാമൃഗങ്ങളും കാട്ടാനയും ഇവിടെ ധാരാളമായുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്.