വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ വർദ്ധിപ്പിച്ച് കാൽഗറി സിറ്റി കൌൺസിൽ. ട്രാൻസിറ്റ് നിരക്കുകൾ, പ്രോപ്പർട്ടി ടാക്സ്, വിനോദ സേവനങ്ങൾ എന്നിവയിൽ ഉൾപ്പെടെ വർദ്ധനവുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് സിംഗിൾ ഫെയർ 3.70 ഡോളറിൽ നിന്ന് 3.80 ഡോളറാക്കി. ഒരു പായ്ക്ക് ടിക്കറ്റിന് 38 ഡോളറായും ഉയർത്തിയിട്ടുണ്ട്.
13-17 വയസ്സുള്ള യുവാക്കളുടെ നിരക്ക് 2.50 ഡോളറിൽ നിന്ന് 2.55 ഡോളറാക്കി. അതേസമയം, മുതിർന്നവരുടെ പ്രതിമാസ പാസ് 115 ഡോളറിൽ നിന്ന് 118-ലേക്ക് ഉയരും .യുവാക്കളുടെ പ്രതിമാസ പാസ് സെപ്റ്റംബറിൽ $86 ആയും ഉയരും. 65 വയസും അതിൽ കൂടുതലുമുള്ളവർക്ക് ഒരു സീനിയർ വാർഷിക ട്രാൻസിറ്റ് പാസ്, 154.50-ൽ നിന്ന് 159 ഡോളറിലേക്കാണ് കൂടാൻ പോകുന്നത്. അതായത് 4.50 ഡോളറിൻ്റെ വർദ്ധന. താഴ്ന്ന വരുമാനമുള്ള മുതിർന്നവരുടെ വാർഷിക പാസും കൂട്ടിയിട്ടുണ്ട്. ട്രാൻസിറ്റ് വരുമാനം പ്രവർത്തനച്ചെലവിന് അനുസരിച്ച് ഉയർത്തുന്നതിനും നഗരത്തിൻ്റെ വളർച്ചയ്ക്കും വേണ്ടി നിരക്കുകൾ വർധിപ്പിക്കണമെന്ന് സിറ്റി കൗൺസിൽ തീരുമാനം എടുത്തിരുന്നു. ഇതേ തുടർന്നാണ് ഈ വർദ്ധനവ്.