പുതിയ വര്‍ഷം മികച്ച ജോലിക്കായി തേടുന്നവര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുകയാണ് കാനഡയിലെ ചില കമ്പനികള്‍. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ നിരവധി തസ്തികകളിലേക്ക് നിയമനം നടത്താന്‍ പദ്ധതിയിടുകയാണ് നിരവധി കമ്പനികള്‍. റോബര്‍ട്ട് ഹാഫിന്റെ സ്റ്റേറ്റ് ഓഫ് കനേഡിയന്‍ ഹയറിംഗ് സര്‍വേയില്‍ നിന്നുള്ള സമീപകാല ഡാറ്റ അനുസരിച്ച് 46 ശതമാനം കമ്പനികളും 2025 ല്‍ ആദ്യ ആറ് മാസത്തിനുള്ളില്‍ പുതിയ സ്ഥിരം നിയമനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്.
ഏകദേശം 49 ശതമാനം കമ്പനികള്‍ മാനേജര്‍ പോസ്റ്റിലുള്ള ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കുന്നുണ്ട്. 54 ശതമാനം പേര്‍ പുതിയ വര്‍ഷത്തില്‍ പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കാന്‍ കൂടുതല്‍ കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുമെന്ന് പറഞ്ഞു. ജീവനക്കാരെ വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്ന 47 ശതമാനം കമ്പനി മാനേജര്‍മാരും കമ്പനിയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യമെന്നും ഇതാണ് നിയമനം കൂടുതലാക്കാനുള്ള പ്രധാന കാരണമെന്നും ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ടേണ്‍ഓവര്‍ റേറ്റ്(44%), പുതിയ പ്രോജക്ടുകള്‍(41%) എന്നിവയും കാരണങ്ങളായി പറയുന്നു.
സ്‌കില്‍സ് ഗ്യാപ്, ടാലന്റ് ഷോര്‍ട്ടേജ്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഉള്‍പ്പെടെ 2024 ല്‍ നിരവധി വെല്ലുവിളികളാണ് ജീവനക്കാരുടെ നിയമനങ്ങളിലുണ്ടായതെന്ന് റോബര്‍ട്ട് ഹാഫ് കാനഡയുടെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കൗല വാസിലോപോലോസ് പറയുന്നു. 2025 ലേക്ക് പ്രവേശിക്കുമ്പോള്‍ ഹയറിംഗ് പ്ലാനുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ പ്രധാന സംരംഭങ്ങള്‍ സുഗമമായി നടത്താനും കൃത്യസമയത്ത് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാനും ലക്ഷ്യങ്ങള്‍ നേടാനും ഭാവിയിലേക്കുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും തങ്ങള്‍ക്ക് കൃത്യമായ നിയമന തന്ത്രങ്ങള്‍ ഉണ്ടെന്ന് കമ്പനികള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും കൗല വ്യക്തമാക്കി.