ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസ് തെളിയിക്കാനും പ്രതിയെ കണ്ടെത്താനും സാധിച്ചതായി ഓട്ടവ പോലീസ്. ഫാമിലി ട്രീ ഡാറ്റാബേസില്‍ നിന്നുള്ള ജെനറ്റിക് ഡാറ്റയുമായി ബന്ധപ്പെടുത്തിയ ഡിഎന്‍എ അനാലിസിസ് വഴിയാണ് പ്രതിയെ കണ്ടെത്തിയത്. കേസ് തെളിഞ്ഞതോടെ പ്രതിയായ വാന്‍കുവര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
1996 ഏപ്രില്‍ 12 നാണ് സംഭവം നടന്നത്. ഓട്ടവയെ ഗാറ്റിനോയുമായി ബന്ധിപ്പിക്കുന്ന പോര്‍ട്ടേജ് ബ്രിഡ്ജില്‍ വെച്ച് ക്രിസ്റ്റഫര്‍ സ്മിത്ത് എന്ന 22 കാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വാന്‍കുവറില്‍ താമസിക്കുന്ന 73കാരനായ ലോറന്‍സ് ഡീല്‍ എന്നയാള്‍ അറസ്റ്റിലാവുകയായിരുന്നു. ഇയാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഒരു കേസില്‍ കുടുംബ വംശത്തെ കണ്ടെത്താന്‍ ഓട്ടവ പോലീസ് ഡിഎന്‍എ സാങ്കേതികവിദ്യയും ജീനിയോളജിക് ഡാറ്റയും ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. കുറ്റകൃത്യങ്ങള്‍ക്കിരകളാകുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി തങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഓട്ടവ പോലീസ് പറഞ്ഞു.