200 ഡോളര്‍ ടാക്‌സ് വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നത്; ആല്‍ബെര്‍ട്ടയിലെ ഇവി ഉടമകള്‍ക്ക് ജനുവരി 1 മുതല്‍ പുതിയ നികുതി ബാധകമല്ല

By: 600002 On: Jan 1, 2025, 10:00 AM

 


സ്പ്രിംഗ് സീസണില്‍ പ്രഖ്യാപിച്ച ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ ബജറ്റില്‍ ഒരു ഇലക്ട്രിക് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് രജിസ്‌ട്രേഷന്‍ ഫീസിന് മുകളില്‍ 200 ഡോളര്‍ നികുതി അടയ്ക്കണം എന്ന് ധനമന്ത്രി നേറ്റ് ഹോണര്‍ നിര്‍ദ്ദേശിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ വാഹനങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് പണം ലാഭിക്കാന്‍ രജിസ്ട്രിയിലെത്തിയ ഇവി ഉടമകളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ബില്‍ 32 നിയമമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 200 ഡോളര്‍ നികുതി 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ജനുവരി 1 ന് നികുതി പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും ഇവി ഉടമകളെ ഇത് ബാധിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

പ്രൊവിന്‍ഷ്യല്‍ ഹൈവേകള്‍ സംരക്ഷിക്കാനുള്ള തുകയിലേക്ക് ഇലക്ട്രിക് വാഹന ഉടമകള്‍ ഇന്ധന നികുതി അടയ്ക്കുന്നില്ല എന്ന വസ്തുത നികത്താനാണ് 200 ഡോളര്‍ ഫീസ് എന്ന നികുതി നിര്‍ദ്ദേശം വന്നതെന്ന് ധനമന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ അവയുടെ ബാറ്ററികളുടെ ഭാരം കാരണം റോഡുകളില്‍ കൂടുതല്‍ തേയ്മാനം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.