സില്‍വന്‍ ലേക്കില്‍ ഐസ് ഫിഷിംഗിനിടയില്‍ വീണ്ടും അപകടം; മഞ്ഞുപാളിയില്‍ വീണത് മൂന്നാമത്തെ വാഹനം 

By: 600002 On: Jan 1, 2025, 8:26 AM

 

 

 

വാഹനങ്ങളുമായി സില്‍വന്‍ ലേക്കിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം വീണ്ടും ലേക്കില്‍ അപകടം. ശനിയാഴ്ച സില്‍വന്‍ ലേക്കില്‍ രണ്ട് വാഹനങ്ങള്‍ മഞ്ഞുപാളിയിലൂടെ വീണിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഐസ് ഫിഷിംഗിനിടെ കാര്‍ മഞ്ഞുപാളിയില്‍ തെന്നിവീണു. വാഹനം വീണത് സംബന്ധിച്ച് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം ഐസ് പാളിയില്‍ വീണ് കിടക്കുന്നത് കണ്ടെത്തി. എന്നാല്‍ കാറില്‍ ആരും ഉണ്ടായിരുന്നില്ല. ജിഎംസി സിയേറ 2008 മോഡല്‍ കാറാണ് മഞ്ഞുപാളിയില്‍ വീണത്. കാറിന്റെ ഉടമസ്ഥരെ കണ്ടെത്തി അവരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. 

സില്‍വന്‍ ലേക്കില്‍ ഐസ് ഫിഷിംഗിന് വരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍സിഎംപി നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. തടാകത്തിലെ മഞ്ഞിന്റെ  കനം ഗണ്യമായി വ്യത്യാസപ്പെടാമെന്നും വാഹനങ്ങള്‍ക്കും മറ്റ് ഭാരമേറിയ  ഉപകരണങ്ങള്‍ക്കും നിലവിലെ അവസ്ഥ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. മോട്ടറൈസ്ഡ് വാഹനങ്ങള്‍ ഉപയോഗിച്ച് ഐസ് ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ആര്‍സിഎംപി പറഞ്ഞു.