കാനഡ പോസ്റ്റ് സമരത്തെ തുടർന്ന് കെട്ടിക്കിടക്കുകയായിരുന്ന പാസ്പോർട്ടുകൾ സർവീസ് കാനഡ മെയിൽ ചെയ്യാൻ തുടങ്ങി. ലക്ഷക്കണക്കിന് പാസ്പോർട്ടുകൾ ഉള്ളതിനാൽ ഇവ വിലാസക്കാരിലേക്ക് എത്താൻ ഇനിയും കാലതാമസം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
പണിമുടക്ക് തുടങ്ങിയ നവംബർ 8 മുതൽ ഏകദേശം 215,000 അച്ചടിച്ച പാസ്‌പോർട്ടുകളും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മറ്റ് മെയിലുകളും കെട്ടിക്കിടക്കുകയാണെന്ന് എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡ പറയുന്നു. പണിമുടക്കിന് മുന്നോടിയായി പാസ്‌പോർട്ട് പാക്കേജുകൾ മെയിൽ ചെയ്യുന്നത് സർവീസ് കാനഡ താൽക്കാലികമായി നിർത്തിവച്ചതിനാൽ ഡിസംബർ 1 വരെ 185,000 പാസ്‌പോർട്ടുകളാണ് മെയിലിൽ കുടുങ്ങിയത് . ഡിസംബർ 17ന് പ്രശ്നങ്ങൾ നീങ്ങിയതോടെ കുടുങ്ങിക്കിടന്ന പാസ്പോർട്ടുകളുടെ എണ്ണം 215,000 ആയി ഉയർന്നു. പാസ്‌പോർട്ട് ഡെലിവറി പുനരാരംഭിക്കാൻ കാനഡ പോസ്റ്റുമായി സർവീസ് കാനഡ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് ESDC വക്താവ് ലിയാന ബ്രാൾട്ട് പ്രസ്താവനയിൽ അറിയിച്ചു.