കാനഡയിൽ 12 വയസ്സു മുതലുള്ള കുട്ടികൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതായി മൗണ്ടി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തീവ്രവാദ വിരുദ്ധ കേസുകളിൽ ഉൾപ്പെടുന്നവരിൽ യുവാക്കളുടെയും പ്രായപൂർത്തിയാകാത്തവരുടെയും എണ്ണം വർദ്ധിക്കുന്നതായാണ് കാനഡയിൽ നിന്നുള്ള സുരക്ഷാ ഏജൻസികളും ഫൈവ് ഐസ് ഇൻ്റലിജൻസ് സഖ്യത്തിലെ അംഗങ്ങളും പറയുന്നത്.
അക്രമാസക്തമായ തീവ്രവാദത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ട ആവശ്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് മൗണ്ടി പൊലീസ് പറയുന്നു . 12 വയസ്സ് പ്രായമുള്ള കുട്ടികൾ മതമൗലികവാദവും മറ്റ് തീവ്രവദ ആശയങ്ങളിലേക്കും ആകർഷിക്കുന്നതായാണ് ആർസിഎംപിയും കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസും മറ്റ് ഫൈവ് ഐസ് ഇൻ്റലിജൻസും നിയമ നിർവ്വഹണ ഏജൻസികളും ഈ മാസം ആദ്യം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പ്രശ്നം വളരെ രൂക്ഷമാകുന്നതിന് മുമ്പ് ചെറുപ്പക്കാരെ വഴിതിരിച്ചുവിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റിപ്പോർട്ട് പുറത്തുവിടുന്നതെന്ന് സഖ്യം പറയുന്നു. സർക്കാരുകൾക്കും സാമൂഹിക സേവനങ്ങൾക്കും ആരോഗ്യ പരിപാലന പ്രവർത്തകർക്കും അധ്യാപകർക്കും വേണ്ടിയുള്ള ഒരു SOS എന്ന നിലയിലാണ് റിപ്പോർട്ട് ഉദ്ദേശിക്കുന്നത്.
തീവ്രവാദ റിക്രൂട്ടർമാർ നിരുപദ്രവകരമായ സോഷ്യൽ മീഡിയകൾ വഴിയും ഡിസ്‌കോർഡ്, ഇൻസ്റ്റാഗ്രാം, റോബ്‌ലോക്സ്, ടിക് ടോക്ക് തുടങ്ങിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയുമാണ് കുട്ടികളിലേക്ക് ആശയങ്ങൾ എത്തിക്കുന്നത്. ഒരു വർഷം മുമ്പ് , 15 വയസ്സുള്ള ഒട്ടാവ ബാലനെ ജൂതന്മാർക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് ആർസിഎംപി കുറ്റം ചുമത്തിയിരുന്നു. ഓഗസ്റ്റിൽ, ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ നിന്നുള്ള ഒരു യുവാവിനെതിരെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൗണ്ടീസ് കുറ്റം ചുമത്തിയിരുന്നു.