സറേയില്‍ കാര്‍ ബസ് ഷെല്‍ട്ടറില്‍ ഇടിച്ച് ഇന്ത്യന്‍ സ്വദേശിനിക്ക് പരുക്കേറ്റു 

By: 600002 On: Dec 30, 2024, 9:28 AM

 


സറേയില്‍ ഗില്‍ഫോര്‍ഡ് മാളിന് സമീപമുള്ള ബസ് ഷെല്‍ട്ടറിലേക്ക് കാര്‍ ഇടിച്ച് കയറി ഇന്ത്യന്‍ സ്വദേശിനിക്ക് പരുക്കേറ്റു. ബസ് ഷെല്‍ട്ടറില്‍ നില്‍ക്കുകയായിരുന്ന റോസ്ദീപ് കൗര്‍ മിന്‍ഹാസ് (35) എന്ന യുവതിക്കാണ് പരുക്കേറ്റത്. ഡിസംബര്‍ 23 നാണ് അപകടം നടന്നത്. പരുക്കേറ്റ മിന്‍ഹാസിനെ ഉടന്‍ ന്യൂ വെസ്റ്റ്മിന്‍സ്റ്ററിലെ റോയല്‍ കൊളംബിയന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സറേ പോലീസ് സര്‍വീസ് പറഞ്ഞു. 

ഇന്ത്യയില്‍ ദന്തഡോക്ടറായിരുന്ന മിന്‍ഹാസ് മൂന്ന് മാസം മുമ്പാണ് കാനഡയിലെത്തിയത്. അപകടം തന്നെ വല്ലാതെ ഉലച്ചുവെന്നും ജീവിതം ദുസഹമാക്കിയെന്നും മിന്‍ഹാസ് മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണമായി സുഖം പ്രാപിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറയുന്നത്. രാജ്യത്ത് പുതുതായി എത്തിയ മിന്‍ഹയ്ക്ക് ഇത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. 

രണ്ട് കാറുകള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് കൂട്ടിയിടിച്ച് ബസ് ഷെല്‍ട്ടറിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. അപകടത്തിന് ഉത്തരവാദികളായവരെ പിടികൂടിയിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ആക്ടുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.