കാനഡയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളെ നന്നായി ട്രാക്ക് ചെയ്യണമെന്ന് പ്രശസ്ത ക്രിമിനോളജിസ്റ്റ്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ ഇൻലാൻഡ് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റിൽ നേരത്തേ ജോലി ചെയ്തിരുന്ന കനേഡിയൻ ക്രിമിനോളജിസ്റ്റ് ആണ് സ്റ്റുഡൻ്റ് വിസയിൽ രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാരെ ട്രാക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
കനേഡിയൻ കോളേജുകൾ തമ്മിലുള്ള ബന്ധവും കാനഡ-യുഎസ് അതിർത്തിയിലൂടെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ കടത്തിവിടുന്നതും ഇന്ത്യയിലെ ഇഡി ഉൾപ്പടെയുള്ള ഏജൻസികൾ അന്വേഷിക്കുന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നും മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെല്ലി സൺഡ്‌ബെർഗ് പറയുന്നു. രാജ്യത്തെത്തുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ കാനഡ ശേഖരിക്കണമെന്നും അത് ഇമിഗ്രേഷൻ രേഖകളുമായി ബന്ധിപ്പിക്കണമെന്നും , ആളുകൾ എപ്പോൾ രാജ്യം വിടുന്നു എന്നത് പരിശോധിക്കാൻ ഒരു സംവിധാനം വേണമെന്നും സൺഡ്‌ബെർഗ് പറയുന്നു. 2022ൽ മാനിറ്റോബയിൽ നിന്ന് മിനസോട്ടയിലേക്ക് അതിർത്തി കടക്കാൻ ശ്രമിച്ചതിന് പിന്നാലെ തണുത്തുറഞ്ഞ് ഇന്ത്യൻ കുടുംബം മരിച്ചതിൽ ഇന്ത്യയിലെ എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയാണ്. സംഭവത്തിൽ മനുഷ്യക്കടത്തിൻ്റെ തെളിവുകൾ കണ്ടെത്തിയതായി ഇഡി ചൊവ്വാഴ്ച അറിയിച്ചിരുന്നു. പബ്ലിക് സേഫ്റ്റി കാനഡയോ ആർസിഎംപിയോ ഇഡിയുടെ കണ്ടെത്തലുകളിൽ പ്രതികരിച്ചിട്ടില്ല.