നാഷണല്‍ ജിയോഗ്രഫികിന്റെ മികച്ച സ്‌നോ സ്‌പോട്ടുകളില്‍ ഇടം നേടി ആല്‍ബെര്‍ട്ട. വിന്റര്‍ സീസണില്‍ മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ആല്‍ബെര്‍ട്ടയെന്ന് നാഷണല്‍ ജിയോഗ്രഫിക് പറയുന്നു. ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളാണ് മാഗസിന്‍ തെരഞ്ഞെടുത്തത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ശൈത്യകാല മനോഹാരിതയും മഞ്ഞിന്റെ ലോകം അനുഭവിക്കാനുമുള്ള അവസരവും പങ്കുവെച്ചതിലൂടെയാണ് സ്‌നോ സ്‌പോട്ടുകളെ തിരഞ്ഞെടുക്കുന്നത്. സ്‌പോട്ടുകളില്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി രേഖപ്പെടുത്തിയിരിക്കുന്നത് ആല്‍ബെര്‍ട്ടയിലെ ലേക്ക് ലൂയിസാണ്. സമ്മര്‍ സീസണില്‍ തടാകം മനോഹരമാണെങ്കിലും വിന്റര്‍ സീസണില്‍ മഞ്ഞ് പുതഞ്ഞ് കൂടുതല്‍ 'ഫോട്ടോജെനിക്' ആയി മാറുന്നുവെന്ന് നാഷണല്‍ ജിയോഗ്രഫിക് പറയുന്നു.
ഡിസംബറില്‍ മാത്രം സൗത്ത് വെസ്റ്റേണ്‍ കാനഡയിലെ ഗ്ലാസി, ടര്‍ക്കോയ്‌സ് ലേക്കില്‍ 27 ഇഞ്ചിലധികം മഞ്ഞുവീഴുന്നുവെന്ന് മാഗസിന്‍ പറയുന്നു. ലേക്ക് ലൂയിസിന്റെ ഭംഗി ആസ്വദിക്കാന്‍ ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. കാല്‍നടയാത്രയ്ക്കും സ്‌കീയിംഗിനും ഹൈക്കിംഗിനുമായി ആളുകളുടെ ഒഴുക്കാണ് ഇവിടേക്ക്. ലേക്ക് ലൂയിസ് വില്ലേജില്‍ അപ്മാര്‍ക്കറ്റ് ഷാലെറ്റ്, റിസോര്‍ട്ട്, റെസ്‌റ്റോറന്റുകള്‍ എന്നിവ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഫിന്‍ലന്‍ഡിലെ റൊവാനിമി, ജപ്പാനിലെ സപ്പോറോ സിറ്റി, സ്‌കോട്ട്‌ലന്‍ഡിലെ കെയര്‍ഗോം മൗണ്ടെയ്ന്‍, സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മാറ്റ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് സ്‌നോ സ്‌പോട്ടുകള്‍.