കനേഡിയൻ ഡോളർ ലൂണിക്ക് ഇനിയും ഇടിവ് സംഭവിക്കുച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ നഷ്ടം നേരിടുന്ന ഡോളർ അടുത്ത കുറച്ച് മാസങ്ങൾ കൂടി ഇടിവ് നേരിടും എന്ന് കോർപേയിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് കാൾ ഷാമോട്ട പറഞ്ഞു.
കനേഡിയൻ ഡോളർ കഴിഞ്ഞ ആഴ്ചകളിൽ 70 സെൻ്റിനു താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഇത് സെപ്റ്റംബറിൽ ഉണ്ടായിരുന്നതിനേക്കാൾ ഏകദേശം നാല് ശതമാനം താഴെയാണ്. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയ നിർദ്ദേശങ്ങളിൽ നിന്ന് ഉടലെടുക്കുന്ന അനിശ്ചിതത്വം ബിസിനസ്സ് നിക്ഷേപത്തെയും ഉപഭോക്തൃ ആത്മവിശ്വാസത്തെയും ബാധിക്കുന്നതായാണ് വിലയിരുത്തൽ.വരും മാസങ്ങൾ കാനഡയെ സംബന്ധിച്ചിടത്തോളം വളരെ പ്രക്ഷുബ്ധമായ കാലയളവ് ആയിരിക്കുമെന്നും ഷാമോട്ട പറയുന്നു. ബാങ്ക് ഓഫ് കാനഡയും യുഎസ് ഫെഡറൽ റിസർവും തമ്മിലുള്ള പണനയത്തിൽ വലിയ വ്യത്യാസമുണ്ട്. ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറച്ച നടപടി ഭവന വിപണിയിലും കനേഡിയൻ ഉപഭോക്താക്കൾക്കിടയിലും ഗുണപരമായ സ്വാധീനം ഉണ്ടാക്കിയേക്കും. ഇത് അടുത്ത വർഷാവസാനത്തോടെ കനേഡിയൻ ഡോളറിന് ഗുണം ചെയ്തേക്കും. എന്നാൽ കൂടുതൽ തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ ഭീഷണി വിപണിയിൽ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ട്രംപിൻ്റെ മുന്നോട്ടുള്ള നടപടികൾ അനുസരിച്ച് മാത്രം തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഈ മേഖലയിലുള്ളവരെന്നും
കാൾ ഷാമോട്ട വ്യക്തമാക്കി