ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ബേണബി ആര്‍സിഎംപി. ഈ ദിവസങ്ങളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുക. ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിക്കണമെന്നും ആര്‍സിഎംപി അഭ്യര്‍ത്ഥിച്ചു. ആഘോഷ ദിനങ്ങളില്‍ മദ്യപിക്കുന്നവര്‍ ഒരിക്കലും വാഹനമോടിക്കാന്‍ ശ്രമിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
പോലീസ് പറയുന്നതനുസരിച്ച്,ഡിസംബര്‍ 12,13 തീയതികളില്‍ ബേണബിയില്‍ മദ്യപിച്ച് വാഹനമോടിച്ച എട്ടോളം ഡ്രൈവര്‍മാരെ ഡ്രൈവിംഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐസിബിസിയുടെ കണക്കുകള്‍ പ്രകാരം, പ്രവിശ്യയില്‍ ഓരോ വര്‍ഷവും ഡ്രൈവിംഗ് സംബന്ധമായ അപകടങ്ങളില്‍ ശരാശരി 61 പേര്‍ കൊല്ലപ്പെടുകയും 1404 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം ബേണബിയിലുണ്ടായ അപകടങ്ങളിലൊന്നില്‍ ആര്‍സിഎംപി ഉദ്യോഗസ്ഥനും പരുക്കേറ്റതായി പോലീസ് പറഞ്ഞു. ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും മദ്യപിച്ചും അമിത വേഗതയിലും വാഹനമോടിച്ച് അപകടം ക്ഷണിച്ചു വരുത്തരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.