ഫ്ലോറിഡയിലെ ഡസൻ കണക്കിന് ആഡംബര കോണ്ടോകളും ഹോട്ടലുകളും താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് പഠനം. മിയാമി സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗോൾഡൻ ബീച്ച് മുതൽ മിയാമി ബീച്ച് വരെയുള്ള 35 കെട്ടിടങ്ങൾ 2016 നും 2023 നും ഇടയിൽ മൂന്ന് ഇഞ്ച് വരെ മുങ്ങിയതായി കണ്ടെത്തി.
കാൾട്ടൺ റെസിഡൻസസ്, ട്രംപ് ടവർ III, ട്രംപ് ഇൻ്റർനാഷണൽ ബീച്ച് റിസോർട്ടുകൾ, ഐക്കണിക് സർഫ് ക്ലബ് ടവറുകൾ തുടങ്ങി പതിനായിരക്കണക്കിന് താമസക്കാരെയും വിനോദസഞ്ചാരികളെയും ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ മുങ്ങുന്നവയിൽ ഉൾപ്പെടുന്നുണ്ട്. നിർമ്മാണത്തിൻ്റെ ഭാഗമായുണ്ടായ പ്രകമ്പനങ്ങളാണ് കെട്ടിടങ്ങൾ മുങ്ങുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് ഗവേഷകർ പറഞ്ഞു. ഇത് മണ്ണിൻ്റെ കണികകൾ ഞെരുങ്ങി ഒതുങ്ങാനും കെട്ടിടങ്ങൾ ക്രമാനുഗതമായി താഴ്ന്നു പോകുന്നതിനും കാരണമാകും. വടക്കൻ, മധ്യ സണ്ണി ഐൽസ് ബീച്ചിൽ ഏകദേശം 70% കെട്ടിടങ്ങളും മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം പറയുന്നു. ഈ സ്ഥലങ്ങളിലെ 23% കെട്ടിടങ്ങളും കഴിഞ്ഞ ദശകത്തിൽ നിർമ്മിച്ചതാണ്. നിർമ്മാണ പ്രകമ്പനങ്ങൾക്ക് പുറമേ, ദിവസേനയുള്ള വേലിയേറ്റങ്ങളും കെട്ടിടങ്ങൾ മുങ്ങുന്നതിനും കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.