നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയില്‍ വീട്ടില്‍ തീപിടുത്തം; അപകടം കുക്കിംഗ് ഓയിലില്‍ നിന്നും തീ പടര്‍ന്നതിനെ തുടര്‍ന്ന് 

By: 600002 On: Dec 24, 2024, 10:59 AM

 

 

നോര്‍ത്ത്‌വെസ്റ്റ് കാല്‍ഗറിയിലെ ഒരു വീട്ടില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ നോര്‍ഫോക്ക് വേ എന്‍ഡബ്ല്യുവില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. സിംഗിള്‍-ഫാമിലി വീട്ടില്‍ കുക്കിംഗ് ഓയിലില്‍ നിന്നും തീപടര്‍ന്നാണ് അപകടമുണ്ടായതെന്ന് അഗ്നിശമന സേന അറിയിച്ചു. സ്റ്റൗവ്‌ടോപ്പില്‍ എണ്ണ കത്തിയതിനെ തുടര്‍ന്ന് തീ സമീപത്തെ ക്യാബിനറ്റുകളിലേക്ക് പടരുകയായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. താമസക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതോടെ കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരമറിയിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ കനത്ത പുക ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ കാഴ്ചവൈകല്യമുള്ള 17കാരനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. 

വീടുകളില്‍ തീപിടുത്തമുണ്ടാകാനുള്ള പ്രധാന കാരണം കുക്കിംഗ് ഓയിലില്‍ നിന്നും തീ പടരുന്നതാണെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. തീപടരുന്നത് തടയാന്‍ നിരവധി നിര്‍ദ്ദേശങ്ങളും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.