ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 മരണം; അപകടത്തിൽപെട്ടത് ഒരു കുടുംബത്തിലുള്ളവർ

By: 600007 On: Dec 24, 2024, 8:39 AM

 

ബ്രസീലില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തിൽ 10 പേര്‍ മരിച്ചു. എല്ലാവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് ബ്രസീൽ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 17 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സാവോ പോളോ സ്‌റ്റേറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബ്രസീലിയന്‍ ബിസിനസുകാരനായ ലൂയിസ് ക്ലോഡിഗോ ഗലീസിയാണ് വിമാനം പറത്തിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

വിമാനം ആദ്യം നഗരത്തിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറിയതായി വാർത്താ ഏജന്‍സികൾ റിപ്പോർട്ടുചെയ്തു. വിമാനത്തിലുണ്ടായിരുന്നത് വിനോദസഞ്ചാരികളായിരുന്നതായാണ് വിവരം. ഒരു ഫര്‍ണിച്ചര്‍ കടയുടെ മുകളിലേക്ക് വീണ വിമാനത്തിന് തീ പിടിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. കനത്ത പുകയില്‍ ശ്വാസതടസം അനുഭവപ്പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ബ്രസീലിലെ പ്രധന വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്രമാഡോ. ക്രിസ്മസ് അവധി ആയതിനാല്‍ ഇവിടെ വിനോദ സഞ്ചാരികളുടെ നല്ല തിരക്കും ഉണ്ടായിരുന്നു. അപകടത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.