ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മണിക്കൂറിനിടെ 50 മരണം

By: 600007 On: Dec 23, 2024, 1:59 PM

 

ഗസ്സസിറ്റി: തെക്കൻ ഗസ്സയിലെ സുരക്ഷിത മേഖലകളിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. അൽ-മവാസിയിലെ ‘സുരക്ഷിത മേഖല’യില്‍ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തില്‍ എഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 50 ആയി. ആക്രമണങ്ങളെ അപലപിച്ച് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) തലവൻ ഫിലിപ്പ് ലസാരിനി രംഗത്ത് എത്തി. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ സാധാരണ സംഭവങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ 24 മണിക്കൂറിനിടെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. സാധാരണക്കാരാണ് കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നത്”- ഫിലിപ്പ് ലസാരിനി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ”സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇവിടെ സാധാരണമായി മാറിക്കഴിഞ്ഞു. ഇത് ലോകം കണ്ടില്ലെന്ന് നടിക്കരുത്. എല്ലാ യുദ്ധങ്ങൾക്കും നിയമങ്ങളുണ്ട്. ഇവിടെ ആ നിയമങ്ങളെല്ലാം ലംഘിച്ചു”- അദ്ദേഹം പറഞ്ഞു.