കാനഡയിൽ അടിയന്തരമായി പാർലമെൻ്റ് വിളിച്ചു ചേർക്കണമെന്ന ആവശ്യവുമായി കൺസർവേറ്റീവ് പാർട്ടി

By: 600110 On: Dec 21, 2024, 1:06 PM

ലിബറൽ സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എൻഡിപി നേതാവ് ജഗ്മീത് സിംഗ്  പറഞ്ഞതിന് പിന്നാലെ അടിയന്തരമായി പാർലമെന്‍റ് വിളിച്ചു കൂട്ടണമെന്ന ആവശ്യവുമായി  കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ.  ലിബറലുകൾ മറ്റൊരു അവസരം അർഹിക്കുന്നില്ലന്നും സർക്കാറിനെ താഴെ ഇറക്കുമെന്നും കാണിച്ച് സിംഗ് വെള്ളിയാഴ്ച  തുറന്ന കത്ത് എഴുതിയിരുന്നു. ഈ സർക്കാരിനെ താഴെയിറക്കാൻ എൻഡിപി വോട്ട് ചെയ്യുമെന്നും കത്തിൽ പറയുന്നു.  

ഇതേ തുടർന്നാണ് ജനുവരിയിലെ ശീതകാല അവധി കഴിയുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും അതിന് മുമ്പ് സഭ ചേരാമെന്നും  പൊയിലീവ്രെ വ്യക്തമാക്കിയത്. അടിയന്തരമായി പാർലമെൻ്റ് വീണ്ടും വിളിച്ചുകൂട്ടാനും അവിശ്വാസ വോട്ട് ആവശ്യപ്പെടാനും ഗവർണർ ജനറലിന് കത്തെഴുതുമെന്നും പൊയിലീവ്രെ പറഞ്ഞു. അതുകൊണ്ട് തന്നെ അധികാരത്തിൽ തുടരണോ എന്ന് പ്രധാനമന്ത്രിക്ക് തീരുമാനിക്കാം എന്നും   അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മന്ത്രിസഭയിൽ നിന്ന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്  രാജിവച്ചതിൻ്റെ പശ്ചാത്തലത്തിൽ സമ്മർദ്ദത്തിലായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വീണ്ടും ആശങ്കയിലാക്കുന്നതാണ് മന്ത്രിസഭയെ തന്നെ താഴെ ഇറക്കും എന്നുള്ള  എൻഡിപിയുടെ പ്രഖ്യാപനം