എയർ കാനഡയിലെ യാത്രക്കാർക്ക് തങ്ങളുടെ ബാഗുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കമായി. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ബാഗുകൾ നഷ്‌ടപ്പെടുകയോ വൈകുകയോ ചെയ്‌താൽ എയർ കാനഡ വെബ്‌സൈറ്റിലെ ഷെയർ ഐറ്റം ലൊക്കേഷൻ ഫീച്ചർ ഉപയോഗിക്കാം . Apple AirTagൻ്റെയോ ഫൈൻഡ് മൈ നെറ്റ്‌വർക്കിൻ്റെയോ ലൊക്കേഷൻ സുരക്ഷിതമായി എയർലൈനുമായി പങ്കിടാൻ സാധ്യമാകും. യാത്രക്കാരെ അവരുടെ ലഗേജുമായി ബന്ധിപ്പിക്കാൻ കൂടുതൽ കാര്യക്ഷമമായ മാർഗമാണിതെന്ന് എയർ കാനഡ പറയുന്നു.
യാത്രക്കാരുടെ iPhone, iPad, അല്ലെങ്കിൽ Mac എന്നിവയിലെ Find My ആപ്പിൽ ഒരു ലൊക്കേഷൻ ലിങ്ക് സൃഷ്‌ടിക്കുക, അത് ബാഗേജ് ക്ലെയിം വെബ്‌സൈറ്റ് വഴി എയർ കാനഡയുടെ ബാഗേജ് ടീമുമായി ഷെയർ ചെയ്യുക. ബാഗ് ലഭിച്ചാൽ ഉടൻ ലൊക്കേഷൻ പങ്കിടൽ തനിയെ അവസാനിക്കും. ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പു നൽകുന്നതിൻ്റെ ഭാഗമായാണ് ഇത്. ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും ലൊക്കേഷൻ ഷെയറിംഗ് നിർത്തുകയും ചെയ്യാം. അതുമല്ലെങ്കിൽ ഏഴ് ദിവസത്തിന് ശേഷം ഷെയറിംഗ് സ്വയമേവ കാലഹരണപ്പെടും. പുതിയ ഷെയറിംഗ് ലൊക്കേഷൻ ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾ അവരുടെ Apple ഉപകരണം iOS 18.2, iPadOS 18.2, അല്ലെങ്കിൽ macOS 15.2 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ചുറപ്പിക്കണം.