റിക്രൂട്ട്‌മെന്റ് കാമ്പയിന്‍: അമേരിക്കന്‍ ഫിസിഷ്യന്മാരെ ലക്ഷ്യമിട്ട് മാനിറ്റോബ 

By: 600002 On: Dec 19, 2024, 11:10 AM

 

 

പ്രവിശ്യയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മാനിറ്റോബ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രവിശ്യയ്ക്ക് പുറത്തും രാജ്യത്തിന് പുറത്തുനിന്നുമായി ഡോക്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഫിസിഷ്യന്മാരെയാണ് പ്രവിശ്യ കൂടുതലായും ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറയുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 90 ഓളം അന്താരാഷ്ട്ര പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ നിയമിക്കുമ്പോള്‍ പ്രവിശ്യ പ്രതിവര്‍ഷം അമേരിക്കയില്‍ നിന്നും പരിശീലനം ലഭിച്ച ഒന്നോ രണ്ടോ ഫിസിഷ്യന്മാരെ മാത്രമേ റിക്രൂട്ട് ചെയ്യുന്നുള്ളൂവെന്ന് കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് പുറത്തുവിട്ട ഡാറ്റയില്‍ സൂചിപ്പിക്കുന്നു. 

അമേരിക്കയിലെ ഭരണമാറ്റങ്ങളും ആരോഗ്യമേഖലയിലെ അതൃപ്തികളും ഡോക്ടര്‍മാരെ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതായി മാനിറ്റോബ സര്‍ക്കാര്‍ പറയുന്നു. ചില സംസ്ഥാനങ്ങളിലെ ഗര്‍ഭച്ഛിദ്ര അവകാശങ്ങളും ലിംഗഭേദം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡോക്ടര്‍മാര്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് ഡോക്ടേഴ്‌സ് മാനിറ്റോബ സിഇഒ തെരേസ ഓസ്വാള്‍ഡ് പറഞ്ഞു. 

കാനഡയില്‍ പ്രതിശീര്‍ഷ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും കുറവുള്ള പ്രവിശ്യകളില്‍ രണ്ടാം സ്ഥാനത്താണ് മാനിറ്റോബ. 100,000 നിവാസികള്‍ക്ക് 219 ഡോക്ടര്‍മാര്‍ എന്നതാണ് അനുപാതം. ഇതിനാലാണ് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള ശ്രമം പ്രവിശ്യ ശക്തമാക്കുന്നത്. അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, ഫ്‌ളോറിഡ എന്നിവടങ്ങളിലാണ് റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കാമ്പയിന്‍ വിപുലീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു.