'അപ്പാപ്പൻ' ഈ ക്രിസ്മസിന് വീണ്ടും കാനഡയിലെത്തുന്നു ; ഇക്കുറി ‘കൊച്ചുമോന്റെ’ കല്യാണവിശേഷം

By: 600007 On: Dec 19, 2024, 1:58 AM

Media Desk, Levitate Entertainment, Toronto

ടൊറന്റോ: അപ്പാപ്പൻ ഈ ക്രിസ്മസിന് വീണ്ടും കാനഡയിലെത്തുന്നു. ഇക്കുറി കൊച്ചുമകന്റെ കല്യാണം കെങ്കേമക്കാനാണ് വരവ്. ലെവിറ്റേറ്റ്  എന്റർടെയ്ൻമെന്റ് ഒരുക്കുന്ന അപ്പാപ്പനും മോനും സീസൺ ത്രീ ഡിസംബർ 28 ശനിയാഴ്ച നടക്കും. സ്കാർബ്റോയിലെ ചൈനീസ് കൾച്ചറൽ സെന്ററിലാണ് കൊച്ചുമകന്റെ ‘കല്യാണമണ്ഡപം’ ഒരുങ്ങുന്നത്. നാട്ടിലെ അടിപൊളി കല്യാണങ്ങളുടെ അതേ ആഘോഷത്തനിമയിൽ ഒരുക്കുന്ന വിവാഹത്തിൽ പങ്കെടുക്കാനുള്ള സുവർണാവസരമാണിതെന്നാണ് സംവിധായകൻ ജെഡി എന്ന ജയദേവ് വേണുഗോപാലും ലെവിറ്റേറ്റ് സിഇഒ: ജെറിൻ രാജും ടീമംഗങ്ങളും പറയുന്നത്.

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയുടെ ഹൃദയഭാഗത്ത് ആയിരങ്ങൾ പങ്കെടുത്ത മഹാഓണത്തിന്റെ പിന്നാലെ ലെവിറ്റേറ്റ് ഒരുക്കുന്ന ക്രിസ്മസ് പരിപാടിയാണിത്. കഴിഞ്ഞ ഡിസംബറിൽ അവതരിപ്പിച്ച അപ്പാപ്പനും മോനും ഒരു ക്രിസ്മസ് മൂവി, ഈ വർഷത്തിന്റെ തുടക്കത്തിൽ അരങ്ങിലെത്തിയ അപ്പാപ്പനും മോനും ഒരു പ്രേത കഥ എന്നിവയുടെ വിജയത്തിന് ശേഷമാണു മൂന്നാംഭാഗം ഒരുക്കുന്നത്. കാനഡയിലെത്തുന്ന യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെവിറ്റേറ്റ് ഇത്തരം ഷോകൾ സംഘടിപ്പിക്കുന്നത്.

അഭിനേതാക്കളായും സാങ്കേതികവിദഗ്ധരായുമെല്ലാം സിനിമാലോകത്തേക്കുള്ള പ്രവേശം സ്വപ്നംകണ്ട് നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ലൈവ് ആയി സ്റ്റേജിൽ അണിയിച്ചൊരുക്കുന്ന സിനിമാകഥയാണ് അപ്പാപ്പനും മോനും സീരിസ്. ഇരുപത് വർഷത്തിന് ശേഷം അപ്പാപ്പനെ ടൊറന്റോയിൽ വരവേൽക്കുന്ന കൊച്ചുമോന്റെ കഥയിലൂടെ രണ്ടു തലമുറകളുടെ ഹാസ്യാത്മകമായ ദൃശ്യവിഷ്കാരമായിരുന്നു ആദ്യ സീസൺ. ഇരുവരും ഒരു പ്രേതഭവനത്തിൽ എത്തപ്പെട്ടതുമായി ബന്ധപ്പെട്ടതായിരുന്നു സീസൺ രണ്ടിലെ കഥ.

കൊച്ചുമോന്റെ കല്യാണവുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് സീസൺ ത്രീയെ സംഭവബഹുലമാക്കുക. അഭിനേതാക്കളും നർത്തകരും പാട്ടുകാരുമെല്ലാമായി നൂറോളം പേരാണ് ഇക്കുറി വേദിയിലെത്തുക. പരിശീലനം പുരോഗമിക്കുന്നു. രണ്ട് മണിക്കൂറോളം നീളുന്ന ഷോ വൈകിട്ട് ഏഴു മണിക്കാണ് തുടങ്ങുക. ആറു മണി മുതൽ ചൈനീസ് കൾച്ചറൽ സെന്ററിൽ പ്രവേശനമുണ്ടാകും. ക്രിസ്മസ് മാർക്കറ്റാകും അതിഥികളെ വരവേൽക്കുക. അപ്പാപ്പനും മോനും ഷോയ്ക്കുശേഷം രാത്രി ഒൻപത് മുതൽ ഡിജെയുമുണ്ടാകും. 25 ഡോളറാണ് പ്രവേശന ടിക്കറ്റ്. റിയൽറ്റർ ജെഫിൻ ജോസഫാണ് മെഗാസ്പോൺസർ.

ക്രിസ്മസ് മാർക്കറ്റിലെ സ്റ്റാളുകളും ഷോയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും: 437-661-1929, 647-781-3743. വെബ്സൈറ്റ്: www.levitateinc.ca