അമേരിക്കൻ ഡോളറിനെതിരെ കനേഡിയൻ ഡോളറിൻ്റെ മൂല്യത്തിൽ ഇടിവ്. ഒരു കനേഡിയൻ ഡോളറിന് 0.70 അമേരിക്കൻ ഡോളറെന്ന നിലയിലേക്കാണ് മൂല്യം താഴ്ചന്നത്. 2020 മാർച്ചിൽ COVID-19 പാൻഡെമിക് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് കനേഡിയൻ ഡോളർ ഇത്രയും ഇടിവ് നേരിടുന്നത്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചതിന് പിന്നാലെയാണ് കനേഡിയൻ ഡോളറിന് വിലയിടിഞ്ഞത്. 2023-2024 സാമ്പത്തിക വർഷത്തിൽ ഫെഡറൽ സർക്കാർ 61.9 ബില്യൺ ഡോളറിൻ്റെ ധന കമ്മി വെളിപ്പെടുത്തിയിരുന്നു. ഒപ്പം കമ്മി ലക്ഷ്യം 20 ബില്യൺ ഡോളറിലധികം ഉയർത്തുകയും ചെയ്തു. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് കനേഡിയൻ ഡോളർ മൂല്യത്തകർച്ച നേരിടുന്നത്. നവംബറിൽ നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം യുഎസ് ഡോളർ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. കാബിനറ്റിൽ നിന്നുള്ള ധനമന്ത്രിയുടെ പെട്ടെന്നുള്ള രാജിയെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം മൂല്യത്തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അത് പോലെ പലിശനിരക്ക് കുറയ്ക്കാനുള്ള ബാങ്ക് ഓഫ് കാനഡയുടെ തീരുമാനവും കാരണമായിട്ടുണ്ടെന്ന് ബാങ്ക് ഓഫ് മോൺട്രിയലിലെ ചീഫ് ഇക്കണോമിസ്റ്റ് ഡഗ്ലസ് പോർട്ടർ പറഞ്ഞു