പുതിയ അഞ്ച് ഡോളര്‍ നോട്ടില്‍ ടെറി ഫോക്‌സിന്റെ ചിത്രം ആലേഖനം ചെയ്യാന്‍ കാനഡ 

By: 600002 On: Dec 18, 2024, 10:34 AM

 

 

ഒരു രാജ്യത്തെ ജനങ്ങളെയാകെ ആവേശഭരിതമാക്കിക്കൊണ്ട് ശ്രേഷ്ഠമായ ഒരു ദൗത്യം ഏറ്റെടുത്ത വീരപുരുഷനാണ് ടെറന്‍സ് സ്റ്റാന്‍ലി ഫോക്‌സ് എന്ന ടെറിഫോക്‌സ്. കേവലം 22 വയസ്സ് വരെ ജീവിച്ചിരുന്ന ടെറിഫോക്‌സ് കാനഡയുടെ നാഷണല്‍ ഹീറോയാണ്. ടെറി ഫോക്‌സിനോടുള്ള ആദരസൂചകമായി പുതിയതായി ഇറക്കുന്ന അഞ്ച് ഡോളര്‍ നോട്ടില്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് കാനഡ. തിങ്കളാഴ്ച അവതരിപ്പിച്ച ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റിലാണ് ഫെഡറല്‍ സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 1977 ല്‍ ടെറിയുടെ പത്തൊന്‍പതാമത്തെ വയസ്സില്‍ ബോണ്‍ കാന്‍സര്‍ കണ്ടെത്തുന്നത് വരെ നല്ലൊരു കായികതാരമായിരുന്നു. ബാസ്‌ക്കറ്റ്‌ബോളും മാരത്തണ്‍ ഓട്ടവുമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട ഇനങ്ങള്‍. കാന്‍സര്‍ മൂലം ടെറിയുടെ വലത് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. എങ്കിലും അദ്ദേഹം അടങ്ങിയിരുന്നില്ല. 

കാന്‍സറിനെ പ്രതിരോധിക്കുവാനും ചികിത്സിക്കാനും രൂപീകരിച്ചിരുന്ന കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഫണ്ടിന്റെ അഭാവം ഉണ്ടായിരുന്നു. തന്നാല്‍ ആകും വിധം ഫണ്ട് സ്വരൂപിക്കാന്‍ ടെറി തീരുമാനിച്ചു. കാന്‍സര്‍ ഗവേഷണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ കാനഡയുടെ കിഴക്കേ അറ്റം മുതല്‍ പടിഞ്ഞാറെ അറ്റം വരെ മാരത്തണ്‍ ഓട്ടം നടത്തി. ഇതിനിടയില്‍ ടെറി രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞു. 1980 ല്‍ ആരംഭിച്ച മാരത്തണ്‍ ഓഫ് ഹോപ്പിലൂടെ രാജ്യത്തൊട്ടാകെ ടെറിയുടെ ലക്ഷ്യം വിജയകരമായ പൂര്‍ത്തിയായി. അദ്ദേഹത്തിനോടുള്ള ആദരവായി അദ്ദേഹം തുടങ്ങിവെച്ച ദൗത്യം ആനുവല്‍ ടെറി ഫോക്‌സ് എന്ന പേരില്‍ എല്ലാ വര്‍ഷവും ഇപ്പോഴും തുടരുന്നു. 

നല്ലതിനായി പ്രവര്‍ത്തിച്ച ടെറിയുടെ ചിത്രം നോട്ടില്‍ ആലേഖനം ചെയ്യുന്നത് കനേഡിയന്‍ ജനതയ്ക്ക് പ്രചോദനമാകുമെന്ന് അധികൃതര്‍ പറഞ്ഞു. 2020ല്‍ ബാങ്ക് ഓഫ് കാനഡ ആറാഴ്ചത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ നടത്തിയതില്‍ 600 ല്‍ അധികം നോമിനേഷനുകളില്‍ നിന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട എട്ട് ഐക്കണിക് കനേഡിയന്‍മാരില്‍ ടെറി ഫോക്‌സും ഉള്‍പ്പെടുന്നു. അഞ്ച് ഡോളര്‍ നോട്ടില്‍ ടെറി ഫോക്‌സിന്റെ ചിത്രം ചേര്‍ക്കുന്നതോടെ ടെറി തുടങ്ങിവെച്ച ദൗത്യത്തിലേക്ക് സംഭാവന ചെയ്യാന്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രചോദനമാകുമെന്നും അധികൃതര്‍ പറഞ്ഞു. 

അഞ്ച് ഡോളര്‍ നോട്ടില്‍ നിന്നും 50 ഡോളര്‍ നോട്ടിലേക്ക് മാറുന്ന സര്‍ വില്‍ഫ്രഡ് ലോറിയറിന് പകരമാണ് ടെറി ഫോക്‌സിന്റെ ചിത്രം വരുന്നത്. നിലവില്‍ 50 ഡോളര്‍ നോട്ടിലുള്ള വില്യം ലിയോണ്‍ മക്കെന്‍സി കിംഗിന്റെ കാര്യം വ്യക്തമായിട്ടില്ല.