വരും വര്‍ഷങ്ങളില്‍ പറക്കും ടാക്‌സികള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ വിവിധ കമ്പനികളുടെ നേതൃത്വത്തില്‍ പുരേഗമിക്കുകയാണ്. ഫ്‌ളൈയിംഗ് ടാക്‌സി പുറത്തിറങ്ങുമ്പോള്‍ അതിന്റെ നിരക്കിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റൈഡ്-ഹെയ്‌ലിംഗ് ആപ്പായ ഊബറിന്റെ നിരക്കിന് അനുസൃതമായിരിക്കും ഫ്‌ളൈയിംഗ് ടാക്‌സിയുടെ നിരക്കെന്ന് ഇന്‍ഡസ്ട്രി എക്‌സിക്യുട്ടീവും ജെറ്റ്‌സെറ്റ്‌ഗോ സ്ഥാപകയുമായ കനിക തെക്‌രിവാള്‍ പറയുന്നു. ഫ്‌ളൈയിംഗ് ടാക്‌സികളും ഫ്‌ളൈയിംഗ് കാറുകളും അവതരിപ്പിക്കുമ്പോള്‍ അഫോര്‍ഡബിളിറ്റി ഏറെ പ്രധാനമാണെന്ന് കനിക തെക്‌രിവാള്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന eVTOL ന് ഊബറില്‍ വീട്ടില്‍ നിന്നും ഓഫീസിലേക്ക് ചെലവാകുന്ന അത്രയും മാത്രമേ ചെലവ് വരികയുള്ളൂ. അവ സ്വന്തമാക്കുന്നതിന് 200,000 ഡോളര്‍ മുതല്‍ 300,000 ഡോളര്‍ വരെ ചെലവാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദുബായ് ചാപ്റ്റര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ കനിക പറഞ്ഞു. ഇന്‍ഡസ്ട്രി മുഴുവന്‍ ഉപഭോക്താക്കളുടെ അഫോര്‍ഡബിളിറ്റിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ ഭാവി ഏവിയേഷനാണ്. കാരണം വ്യോമയാന മേഖല ഇതുവരെ തടസ്സപ്പെടാത്ത ഒരേയൊരു വ്യവസായമാണെന്നും കനിക തെക്‌രിവാള്‍ പറഞ്ഞു.