അന്താരാഷ്ട്ര വിദ്യാർത്ഥികളോട് അവരുടെ രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഐആർസിസി. പഠന പെർമിറ്റുകൾ, വിസകൾ, മാർക്ക്, ഹാജർ തുടങ്ങിയ വിദ്യാഭ്യാസ രേഖകൾ ഉൾപ്പെടെയുള്ള അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത് . രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത് അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ പ്രത്യേകിച്ച് രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന വിസയുള്ളവരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനുള്ള കാനഡയുടെ കർശനമായ നയങ്ങളുടെ പശ്ചാത്തലത്തിലാണ് രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കർശനമായ സാമ്പത്തിക ആവശ്യകതകളും വിദ്യാർത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഉൾപ്പടെ സർക്കാരിൻ്റെ പരിഗണനയിലുണ്ട്. കാനഡയിലെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നാണ്. 420,000-ത്തിലധികം പേരാണ് കാനഡയിൽ പഠിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇത് അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളേക്കാൾ വളരെ കൂടുതലാണ്.