സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി വിദേശ രാജ്യങ്ങൾ സ്വീകരിക്കുന്ന ഡേലൈറ്റ് സേവിങ് ടൈം (ഡിഎസ്ടി) അമേരിക്കയിൽ നിർത്തലാക്കുമെന്ന് നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് . ഡിഎസ്ടി ഉറക്കത്തെ ബാധിക്കുന്നതു കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണു ട്രംപിൻ്റെ വാദം.
ഡേലൈറ്റ് സേവിങ് ടൈം അനുസരിച്ച് മാർച്ചിലെ രണ്ടാം ഞായറാഴ്ച മുതൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ടാക്കും. ഇത് വഴി കൂടുതൽ പകൽ സമയം ലഭിക്കും. നവംബറിലെ ആദ്യ ഞായറാഴ്ച വരെ തുടരുന്ന ഈ സമയ ക്രമീകരണത്തിലൂടെ കൂടുതൽ സമയം ജോലി ചെയ്യാം.ശരത്കാലം ആകുന്നതോടെ ക്ലോക്ക് ഒരു മണിക്കൂർ പിന്നിലേക്കു മാറ്റുകയും ചെയ്യും. 1942 ൽ യുദ്ധകാല നടപടിയുടെ ഭാഗമായാണ് ഡേലൈറ്റ് സേവിംഗ് സമയം ആദ്യമായി സ്വീകരിച്ചത്. ഇതിനെതിരെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരടക്കം നേരത്തെയും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സാധാരണ സമയം തന്നെ നടപ്പാക്കണമെന്നാണ് ഇവരുടെ നിലപാട്. ഇതിനു പുറമെ പല രാജ്യങ്ങളും ഇപ്പോൾ ഡേലൈറ്റ് സേവിംഗ് ടൈം നടപ്പാക്കുന്നുമില്ല. ഇതിനിടെയാണ് ഡേലൈറ്റ് സേവിങ് ടൈം (ഡിഎസ്ടി) അമേരിക്കയിൽ നിർത്തലാക്കുമെന്ന് വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിരിക്കുന്നത്.