കാനഡയില്‍ ഏറ്റവുമൊടുവില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് വിഷയത്തില്‍ പ്രതികരിച്ചത്. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിഷയത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റുകളും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാനഡയില്‍ സുരക്ഷാ അന്തരീക്ഷം മോശമായികൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ അ സുരക്ഷ, ക്ഷേമം എന്നീ കാര്യങ്ങള്‍ പരമപ്രധാനമായ വിഷയമാണ്. ഓട്ടവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇക്കാര്യത്തില്‍ കനേഡിയന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.