കാനഡയിൽ ലിബറൽ സർക്കാർ പ്രഖ്യാപിച്ച ജിഎസ് ടി/എച്ച്എസ് ടി അവധി ശനിയാഴ്ച തുടങ്ങും. ഭക്ഷ്യോല്പ്പന്നങ്ങൾ, റസ്റ്റോറൻ്റ് ഭക്ഷണം തുടങ്ങി ഒട്ടേറെ ഇനങ്ങളുടെ ഫെഡറൽ സെയിൽസ് ടാക്സ് വെട്ടിക്കുറയ്ക്കാനും വസന്തകാലത്ത് 18.7 ദശലക്ഷത്തിലധികം കാനഡക്കാർക്ക് 250 ഡോളർ നൽകാനുമുള്ള പദ്ധതി കഴിഞ്ഞയാഴ്ചയാണ് സർക്കാർ പ്രഖ്യാപിച്ചത്. നിർദ്ദിഷ്ട ജിഎസ്ടി അവധി രണ്ട് മാസം നീണ്ടുനിൽക്കും.
ചില അവശ്യ സാധനങ്ങളുടെ വിലയിൽ കാനഡക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി. നികുതിയിളവ് നടപ്പിലാക്കുന്ന ബിൽ സെനറ്റിൽ പാസാക്കുകയും വ്യാഴാഴ്ച ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. നികുതിയിളവ് ലഭിക്കാൻ കടക്കാർ ഒന്നും ചെയ്യേണ്ടതില്ല. വാങ്ങുന്ന സമയത്ത് GST അല്ലെങ്കിൽ HST ഈടാക്കില്ല. വിതരണ ശൃംഖലയിൽ ഉടനീളം നികുതി അവധി നടപ്പാകുന്നുണ്ട്. ഹാർമോണൈസ്ഡ് സെയിൽസ് ടാക്‌സ് (HST) നടപ്പാക്കിയ പ്രവിശ്യകളിൽ ഉല്പ്പന്നങ്ങൾ വാങ്ങുന്ന സമയത്ത് ഈ നികുതിയും ചുമത്തില്ല. ഒൻ്റാറിയോ, ന്യൂ ബ്രൺസ്‌വിക്ക്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവ വിൽപന നികുതി ഏകീകരിച്ചിട്ടുണ്ട് .