ഒരുപാട് നാളായി ആസൂത്രണം ചെയ്ത അവധിക്കാലയാത്ര നഷ്ടമായിപോയതിന്റെ അമര്‍ഷത്തിലാണ് യുക്കോണ്‍ സ്വദേശികളായ ദമ്പതികള്‍. ദമ്പതികളുടെ യാത്ര തടസ്സപ്പെട്ടതിന് എയര്‍ കാനഡ 10,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി അറിയിച്ചു. അവധിക്കാലമാഘോഷിക്കാന്‍ ക്യൂബയിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്ത ദമ്പതികള്‍ക്കാണ് മോശം അനുഭവമുണ്ടായത്. ഓവര്‍ബുക്ക് കാരണം യാത്ര വളരെ ബുദ്ധിമുട്ടേറിയതായി. പ്രശ്‌നം കോടതിയിലെത്തുകയും ചെയ്തു. ദമ്പതികളോട് എയര്‍ലൈന്‍ ലജ്ജാകരമായി പെരുമാറിയെന്ന് യുകോണിലെ സ്‌മോള്‍ ക്ലെയിംസ് കോടതി കണ്ടെത്തി. എയര്‍ കാനഡ എയര്‍ പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ്(APPR) ഒന്നിലധികം തവണ ലംഘിക്കുകയും ദമ്പതികള്‍ക്ക് ബുദ്ധിമുട്ടും മോശം അനുഭവവുമുണ്ടായെന്ന് ജസ്റ്റിസ് കാതറിന്‍ എല്‍ മക്ലിയോഡ് പറഞ്ഞു.
ക്യൂബയിലേക്കുള്ള എയര്‍ കാനഡ വിമാനത്തിനായി ടൊറന്റോയില്‍ എത്തിയപ്പോള്‍ അത് ഓവര്‍ബുക്ക് ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. യാത്രക്കാര്‍ക്ക് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അന്നുതന്നെ പുറപ്പെടുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ ബുക്ക് ചെയ്യാമെന്നും എയര്‍ കാനഡ അറിയിച്ചു. പരാതിക്കാര്‍ ഓഫര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വിമാനം ലഭ്യമല്ലെന്ന് കണ്ടെത്തി. പിന്നീട് മൂന്ന് ദിവസത്തെ കഷ്ടതയാണ് ദമ്പതികള്‍ അനുഭവിച്ചത്. വിമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മോണ്‍ട്രിയല്‍ വിമാനത്താവളത്തിലേക്ക് അയച്ചു. അവിടെ നിന്നും ടൊറന്റോയിലേക്കും എഡ്മന്റണിലേക്കും തിരിച്ചയച്ചു. എങ്കിലും ക്യൂബയിലേക്കുള്ള വിമാനം എയര്‍ കാനഡ ലഭ്യമാക്കിയില്ല.
ഒടുവില്‍, മെക്‌സിക്കോയിലെ കാന്‍കൂണിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ഇത്രയും ദിവസം ജോലിയില്‍ നിന്നും അവധിയെടുക്കേണ്ടതായി വന്നു. തങ്ങള്‍ മാനസികമായും ശാരീരികമായും സാമ്പത്തികപരമായും കഷ്ടതകള്‍ അനുഭവിച്ചെന്ന് ദമ്പതികള്‍ എയര്‍ കാനഡയ്‌ക്കെതിരെ പരാതി നല്‍കുന്നതിനിടയില്‍ പറഞ്ഞു. ദമ്പതികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി എയര്‍ കാനഡ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.