മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന അപൂര്‍വ ദൃശ്യം. 2024 ലെ ഏറ്റവും ആകര്‍ഷകമായ ബഹിരാകാശ വിസ്മയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷത്തിന് ദൃക്‌സാക്ഷികളാകാന്‍ തയാറാവുകയാണ് ജ്യോതിശാസ്ത്ര ലോകം. ഡിസംബര്‍ 12 നും 13 നുമാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഭൂമിയില്‍ നിന്നും കാണാനാവുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സാധാരണ ഉല്‍ക്കാവര്‍ഷം പോലെയല്ല ഇത്. ജെമിനിഡുകള്‍ ഏറെ തിളക്കമുള്ളതും വേഗതയേറിയതുമായ ഉല്‍ക്കകളാണ്. മഞ്ഞ നിറത്തിലായിരിക്കും ഇവയെന്ന് നാസ പറയുന്നു. വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫിസിക്‌സ്, ആസ്‌ട്രോണമി പ്രൊഫസര്‍ പീറ്റര്‍ ബ്രൗണ്‍ പറയുന്നതിനുസരിച്ച് സൗത്ത്, സെന്‍ട്രല്‍ കാനഡയിലുടനീളമുള്ള ആളുകള്‍ക്ക് ജെമിനിഡ് ഉല്‍ക്കാവര്‍ഷം കാണാനാകും.
വെള്ളിയാഴ്ചയായിരിക്കും ഏറ്റവും വ്യക്തതയോടെ ഉല്‍ക്കാവര്‍ഷം കാണാന്‍ സാധിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. രാത്രി ഏഴ് മണിക്ക് ശേഷം തെളിഞ്ഞ ആകാശത്ത് വളരെ കൃത്യമായി ഉല്‍ക്കാവര്‍ഷം വീക്ഷിക്കാം. എന്നാല്‍ വെള്ളിയാഴ്ച ഉദിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍ കാരണം ഈ വര്‍ഷത്തെ ജെമിനിഡ് ഉല്‍ക്കാവര്‍ഷം കാണുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ധരാത്രി 2 മണിയ്ക്ക് ശേഷമായിരിക്കും കാഴ്ച കൂടുതല്‍ മനോഹരമാവുക.
സാധാരണ ഉല്‍ക്കകള്‍ ധൂമകേതുക്കളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം 3200 ഫെത്തോണ്‍ എന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കാരണം സംഭവിക്കുന്നതാണ്. മണിക്കൂറില്‍ 241,000 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. രാസഘടനയുടെ പ്രത്യേകതകള്‍ കാരണമാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം ആകാശത്ത് നിറങ്ങളുടെ വിസ്മയം തീര്‍ക്കുന്നത്.