എയ്‌റോപ്ലാന്‍ അംഗങ്ങള്‍ക്ക് സൗജന്യ വൈഫൈ വാഗ്ദാനം ചെയ്ത് എയര്‍ കാനഡ. കാനഡയിലെ ടെലികോം ഭീമനായ ബെല്ലുമായി കൈകോര്‍ത്താണ് വൈഫൈ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി എയര്‍ കാനഡ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ യാത്രക്കാര്‍ക്ക് ടെക്സ്റ്റ് മെസേജ് ചെയ്യാനുള്ള സൗകര്യം ബെല്‍ എയര്‍ കാനഡ വിമാനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. 2025 മെയ് മുതല്‍ നോര്‍ത്ത് അമേരിക്കന്‍, സെന്‍ട്രല്‍ അമേരിക്കന്‍ ഫ്‌ളൈറ്റുകളിലും 2026 ല്‍ ദീര്‍ഘദൂര അന്താരാഷ്ട്ര വിമാനങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് എയര്‍ കാനഡ അറിയിച്ചു.
എയര്‍ കാനഡ, എയര്‍ കാനഡ റൂജ്, മിക്ക എയര്‍ കാനഡ എക്‌സ്പ്രസ് വിമാനങ്ങളിലും യാത്രക്കാര്‍ക്ക് സ്ട്രീമിംഗ് ക്വാളിറ്റിയോടുകൂടിയ ഇന്റര്‍നെറ്റ് സേവനം പ്രതീക്ഷിക്കാമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. എയര്‍ കാനഡ നിലവില്‍ തെരഞ്ഞെടുത്ത ഫ്‌ളൈറ്റുകളില്‍ വൈഫൈയ്ക്ക് നിരക്ക് ഈടാക്കുന്നുണ്ട്. ഒരു മണിക്കൂര്‍ പാസിന് 6.50 ഡോളര്‍ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. എയര്‍ കാനഡയുടെ വൈഫൈ പാസുകള്‍ക്ക് വണ്‍-വേ 21 ഡോളറും പ്രതിമാസ പ്ലാനിന് 65.95 ഡോളറുമാണ്.