പീല്‍ റീജിയനില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു; രോഗബാധ അന്താരാഷ്ട്ര യാത്ര നടത്തിയ വ്യക്തിക്കെന്ന് പബ്ലിക് ഹെല്‍ത്ത് 

By: 600002 On: Dec 13, 2024, 6:22 AM

 

 

പീല്‍ റീജിയനില്‍ അഞ്ചാംപനി കേസ് സ്ഥിരീകരിച്ചതായി പീല്‍ പബ്ലിക് ഹെല്‍ത്ത്(പിപിഎച്ച്) അറിയിച്ചു. അന്താരാഷ്ട്ര യാത്ര നടത്തിയ വ്യക്തിയിലാണ് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധയുള്ളയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഇയാളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പിപിഎച്ച് അധികൃതര്‍ വ്യക്തമാക്കി. 

ഡിസംബര്‍ നാലിന് ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്ത വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് TK707  വിമാനത്തില്‍ കാബൂളില്‍ നിന്നും ഇസ്താംബൂളിലേക്കും പിന്നീട് TK17 ഫ്‌ളൈറ്റില്‍ ഇസ്താംബൂളില്‍ നിന്നും ടൊറന്റോയിലേക്കുമാണ് ഇയാള്‍ യാത്ര ചെയ്തത്. ടൊറന്റോ വിമാനത്താവളത്തില്‍ നിന്നും ടെര്‍മിനല്‍ 1 ലൂടെ മിസിസാഗയിലേക്കാണ് പോയത്. വൈകിട്ട് 6.45 നും 10.30 നും ഇടയിലായിരുന്നു യാത്ര. ഈ വിമാനങ്ങളില്‍ യാത്ര ചെയ്തവരും മറ്റിടങ്ങളില്‍ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നവരും ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പിപിഎച്ച് അറിയിച്ചു. ഇവരും കുടുംബാംഗങ്ങളും അഞ്ചാംപനി പ്രതിരോധ വാക്‌സിന്‍( MMR or MMRV) സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.