കാനഡയിൽ നാടുകടത്തേണ്ടവരുടെ പട്ടികയിൽ ഉള്ള ഏകദേശം 30,000 ആളുകൾ നിലവിൽ ഒളിവിലാണെന്ന് രേഖകൾ . കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. എംപി ലൈല ഗുഡ്രിഡ്ജിൻ്റെ ചോദ്യത്തിനുള്ള മറുപടി ആയാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്, 29,731 പേർ നിലവിൽ ഒളിവിലാണെന്നാണ് ഇമിഗ്രേഷൻ അധികാരികൾ പറയുന്നത്.
ഒളിവിലുള്ളവരിൽ കൂടുതൽ പേരും ഒൻ്റാരിയോയിൽ നിന്നാണ്. 21,325 പേരെയാണ് ഇവിടെ നിന്നും കാണാതായത് . കാനഡയിലെ നിലവിലെ പ്രതിസന്ധിയും, നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള താരിഫ് ഭീഷണികളും , അതിർത്തി നയത്തെക്കുറിച്ച് ഫെഡറൽ ഗവൺമെൻ്റിൻ്റെ പുനർവിചിന്തനവും എല്ലാം ഇതിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. അടുത്ത രണ്ട് വർഷത്തിനിടെ ഏകദേശം 2.4 ദശലക്ഷം ആളുകൾ സ്വമേധയാ കാനഡയിൽ നിന്ന് പോകും എന്നാണ് സൂചന.
കാനഡയിലേക്ക് വരുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 500,000-ൽ നിന്ന് അടുത്ത വർഷത്തോടെ 395,000 ആയും 2026-ഓടെ 380,000 ആയും കുറയ്ക്കാനുള്ള പദ്ധതികൾ കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. പുതുതായി പുറത്തുവിട്ട ഡാറ്റ അനുസരിച്ച്, ഒക്‌ടോബർ 21 വരെ വിവിധ ഘട്ടങ്ങളിലായി കാനഡയിൽ നിന്ന് നാടുകടത്തപ്പെടേണ്ടതായി 457,646 പേരുണ്ട്.