പുതിയ വര്‍ഷത്തില്‍ 3.9 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന വാന്‍കുവര്‍ സിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. 5.5 ശതമാനം വര്‍ധനവ് നിര്‍ദ്ദേശിച്ച് നവംബര്‍ 21 ന് സ്റ്റാഫ് നിര്‍ദ്ദിഷ്ട ബജറ്റ് പുറത്തിറക്കിയിരുന്നു. ഇതിന് ശേഷം ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ചൊവ്വാഴ്ച മേയര്‍ കെന്‍ സിം മുന്നോട്ട് വെച്ച ഭേദഗതിയില്‍ പ്രവര്‍ത്തന ബജറ്റില്‍ ടു ലൈന്‍ ഐറ്റം വീണ്ടും അനുവദിച്ചുകൊണ്ട് നിര്‍ദ്ദിഷ്ട വര്‍ധനവ് 3.9 ശതമാനമാക്കി കുറച്ചു. കൂടാതെ, സ്റ്റാഫ് നിര്‍ദ്ദേശിച്ച ബജറ്റില്‍ നിന്ന് മൊത്തം 9.4 മില്യണ്‍ ഡോളര്‍ കുറയ്ക്കുകയും ചെയ്തു. ഇതോടെ, മൊത്തം ബജറ്റ് 2.4 ബില്യണ്‍ ഡോളറിന്റേതായി.
3.9 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന ശരാശരി കോണ്ടോ അല്ലെങ്കില്‍ സ്ട്രാറ്റ യൂണിറ്റിന് ഏകദേശം 54 ഡോളറും ശരാശരി ഒറ്റ കുടുംബ വീടിന് 149 ഡോളറും വാര്‍ഷിക വര്‍ധനയുണ്ടാക്കും.
അതേസമയം, വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ബജറ്റിനായി ശുപാര്‍ശ ചെയ്ത ഏകദേശം 421 മില്യണ്‍ ഡോളറിലേക്ക് മൂന്ന് മില്യണ്‍ ഡോളര്‍ കൂടി ചേര്‍ക്കാന്‍ സിറ്റി സ്റ്റാഫ് വോട്ടുചെയ്തിട്ടുണ്ട്. എന്നാല്‍ പോലീസ് മേധാവി ആദം പാമര്‍ പ്രതീക്ഷിച്ചതിലും കുറവാണ് ഈ സംഖ്യയെന്നാണ് റിപ്പോര്‍ട്ടുകള്‍.