ടാക്‌സി സ്‌കാം: ഒന്റാരിയോ സ്വദേശിനിക്ക് നഷ്ടമായത് 14,000 ഡോളര്‍ 

By: 600002 On: Dec 11, 2024, 10:49 AM

 

 

ടാക്‌സിയില്‍ യാത്ര ചെയ്ത സ്ത്രീയ്ക്ക് പണമില്ലാതെ വന്നപ്പോള്‍ സഹതാപം തോന്നി സഹായിക്കാന്‍ ചെന്നതാണ് വുഡ്ബ്രിഡ്ജില്‍ താമസിക്കുന്ന മരിയ പഡഗ്ഡാഗ് എന്ന യുവതി. എന്നാല്‍ അതൊരു തട്ടിപ്പാണെന്ന് പണം നഷ്ടമായപ്പോഴാണ് മരിയ തിരിച്ചറിഞ്ഞത്. ഈ തട്ടിപ്പില്‍ മരിയയ്ക്ക് നഷ്ടമായത് 14,000 ഡോളറാണ്. ഓഗസ്റ്റ് ആദ്യമാണ് തട്ടിപ്പ് സംഭവിച്ചത്. പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് സംഭവം. 

ടാക്‌സിക്ക് നല്‍കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ തന്നെ സമീപിച്ചതെന്ന് മരിയ പറയുന്നു. തന്റെ ഡെബിറ്റ് കാര്‍ഡ് എടുത്ത് മെഷീനില്‍ പിന്‍ നമ്പര്‍ അടിച്ചു. പണം ഡ്രൈവര്‍ക്ക് ലഭിച്ചുവെന്ന് പറഞ്ഞ സ്ത്രീ 10 ഡോളര്‍ നല്‍കിയതിന് ശേഷം മടങ്ങിപ്പോയി. എന്നാല്‍ വീട്ടിലെത്തി നാല് ദിവസങ്ങള്‍ക്ക് ശേഷം തന്റെ അക്കൗണ്ടില്‍ നിന്നും 14,000 ഡോളര്‍ പിന്‍വലിച്ചതായി ബാങ്കില്‍ നിന്നും കോള്‍ ലഭിച്ചു. അപ്പോള്‍ മാത്രമാണ് താന്‍ തട്ടിപ്പിനിരയായ കാര്യം തിരിച്ചറിയുന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാങ്ക് ഓഫ് മോണ്‍ട്രിയലിന്റെ ഉപഭോക്താവാണ് മരിയ. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടു. തങ്ങളുടെ പതിവ് പ്രക്രിയയുടെ ഭാഗമായി കേസ് പരിഹരിച്ചുവെന്ന് ബാങ്ക് പ്രതികരിച്ചു. തനിക്ക് മുഴുവന്‍ പണവും റീഫണ്ട് ചെയ്തുവെന്ന് മരിയ പറഞ്ഞു. 

ഇത്തരത്തില്‍ ടാക്‌സി തട്ടിപ്പുകളുടെ വര്‍ധന കാരണം ടൊറന്റോ പോലീസ് തുടര്‍ച്ചയായി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 800 ല്‍ അധികം കേസുകളും 1.6 മില്യണ്‍ ഡോളറിലധികം നഷ്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് കണക്കുകള്‍. സഹായത്തിനായി സമീപിക്കുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കരുതെന്നും തട്ടിപ്പുകാര്‍ വ്യാജ കാര്‍ഡായിരിക്കും തിരിച്ചുനല്‍കുകയെന്നും അവര്‍ പിന്‍ നമ്പര്‍ സൂക്ഷിച്ചുവയ്ക്കുമെന്നും പോലീസ് പറഞ്ഞു. പിന്നീട് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്യും. അതിനാല്‍ ഇങ്ങനെയുള്ള തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.