കാനഡയിലുടനീളം നഴ്‌സുമാരെ നിയമിക്കാനൊരുങ്ങി ഹെല്‍ത്ത് കാനഡ; പ്രതിവര്‍ഷം 100,000 ഡോളര്‍ വേതനം 

By: 600002 On: Dec 10, 2024, 11:20 AM

 

 

ഹെല്‍ത്ത് കാനഡ കാനഡയിലുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. പ്രതിവര്‍ഷം ഏകദേശം 100,000 ഡോളര്‍ വരുമാനമാണ് നഴ്‌സുമാര്‍ക്ക് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, 3,850 ഡോളര്‍ വരെ വാര്‍ഷിക വിദ്യാഭ്യാസ അലവന്‍സും ലഭിക്കും. ഹെല്‍ത്ത് കാനഡയില്‍ ഒക്യപേഷണല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ക്കായി ഓപ്പണ്‍ ഇന്‍വെന്ററി ഉണ്ട്. ഇതിലൂടെ ആവശ്യാനുസരണം തസ്തികകള്‍ നികത്തുന്നതിന് ഹെല്‍ത്ത് കാനഡ അപേക്ഷകള്‍ പരിഗണിക്കും. അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി ഡിസംബര്‍ 31. 

കാല്‍ഗറി, എഡ്മന്റണ്‍, വാന്‍കുവര്‍, ടൊറന്റോ, ഓട്ടവ, മോണ്‍ട്രിയല്‍ തുടങ്ങിയ നഗരങ്ങളിലെ ഫുള്‍-ടൈം, പാര്‍ട്ട്-ടൈം തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്‌സുമാരുടെ ഇന്‍വെന്ററി ഉപയോഗിക്കും. നഴ്‌സുമാര്‍ക്ക് ലഭിക്കുക പ്രതിവര്‍ഷം 81,513 ഡോളര്‍ മുതല്‍ 92,653 ഡോളര്‍ വരെയാണ്. നഴ്‌സുമാരുടെ എജ്യുക്കേഷന്‍ ലെവല്‍ അനുസരിച്ച് 605 ഡോളര്‍ മുതല്‍ 3,850 ഡോളര്‍ വരെ വാര്‍ഷിക വിദ്യാഭ്യാസ അലവന്‍സും ലഭിക്കാന്‍ അര്‍ഹതയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഹെല്‍ത്ത് കാനഡയിലെ ഒരു ഒക്യുപേഷണല്‍ ഹെല്‍ത്ത് നഴ്‌സ് എന്ന നിലയില്‍, പബ്ലിക് സര്‍വീസ് ഒക്യുപേഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ(പിഎസ്ഒഎച്ച്പി) ഭാഗമായി അവരുടെ സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റിലാണ് പ്രവര്‍ത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍ത്ത് കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.