അന്യഗ്രഹ ജീവന്‍ കണ്ടെത്താന്‍ അണ്ടര്‍വാട്ടര്‍ റോബോട്ടുകളുമായി നാസ

By: 600007 On: Nov 30, 2024, 4:51 PM

 

കാലിഫോര്‍ണിയ: മൊബൈല്‍ ഫോണിന്‍റെ വലിപ്പം മാത്രമുള്ള അണ്ടര്‍വാട്ടര്‍ റോബോട്ടുകളോ! അതും ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ താണ്ടി യൂറോപ്പ ഉപഗ്രഹത്തിലെ സമുദ്രത്തില്‍ മുങ്ങിത്തപ്പാന്‍. ഇത്തിരിക്കുഞ്ഞന്‍ റോബോട്ടുകളുമായി തലയിലാരും കൈവെച്ച് പോകുന്ന പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് നാസ. പരീക്ഷഘട്ടത്തിലാണ് ഈ അണ്ടര്‍വാട്ടര്‍ റോബോട്ടുകള്‍ ഇപ്പോള്‍.  

നീന്തുന്ന റോബോട്ടുകളെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വികസിപ്പിച്ചിരിക്കുന്നത്. SWIM എന്നാണ് ഇവയുടെ പേര്. പൂര്‍ണനാമം സെന്‍സിംഗ് വിത്ത് ഇന്‍ഡിപെന്‍ഡന്‍റ് മൈക്രോസ്വിമ്മേഴ്സ് (Sensing With Independent Microswimmers) എന്നും. മറ്റ് ഗ്രഹങ്ങളിലേക്ക് യാത്രയാക്കും മുമ്പ് ഈ നീന്തും റോബോട്ടുകളെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയിലെ പൂളില്‍ പരീക്ഷിക്കുകയാണ് നാസയുടെ റോബോട്ടിക് ദൗത്യങ്ങളുടെ ചുമതലയുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി (JPL). 16.5 ഇഞ്ച് അഥവാ 42 സെന്‍റീമീറ്റര്‍ മാത്രമാണ് നീന്തല്‍ക്കുളത്തില്‍ പരീക്ഷണത്തിലുള്ള റോബോട്ടിന്‍റെ വലിപ്പം. 5 ഇഞ്ച് അഥവാ 12 സെന്‍റീമീറ്ററിലേക്ക് ഇതിന്‍റെ വലിപ്പം കുറച്ചുകൊണ്ടുവരാനാണ് ആലോചന. അപ്പോള്‍ ഒരു സ്മാര്‍ട്ട്ഫോണിന്‍റെ മാത്രം വലിപ്പമായിരിക്കും റോബോട്ടിനുണ്ടാവുക.